ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. ഛത്തീസ്ഗഢിലെ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതിയുടെ പരാമർശം. ജസ്റ്റിസ് അഭയ് എസ് ഓഖ, ഉജ്ജൽ ബുയാൻ എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസിലെ പ്രതിയായ അരവിന്ദ് സിങ്ങിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രീംകോടതി പരാമർശം.
തെളിവുകളില്ലാതെ ആരോപണം ഉന്നയിക്കുന്നത് ഇ.ഡി ഒരു ശീലമാക്കി മാറ്റിയിരിക്കുന്നു. ഇതിന് മുമ്പ് പ്രോസിക്യൂഷൻ ഇത്തരത്തിൽ കോടതിയുടെ മുമ്പിൽ വന്ന് നിന്നിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.കേസ് പരിഗണിക്കുന്നതിനിടെ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജു കേസിലെ പ്രതിയായ അരവിന്ദ് സിങ് മദ്യ ഇടപാടിലൂടെ 40 കോടി രൂപ സമ്പാദിച്ചുവെന്ന് ആരോപിച്ചു.
വികാസ് അഗർവാൾ എന്നയാളുമായി ഗൂഢാലോചന നടത്തിയാണ് ഈ പണം സമ്പാദിച്ചതെന്നും സോളിസിറ്റർ ജനറൽ ആരോപിച്ചിരുന്നു. എന്നാൽ, ഇരുവരും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിനുള്ള ഇ.ഡിക്ക് സാധിച്ചിരുന്നില്ല. അഗർവാളിനെ ഇതുവരെ ഇ.ഡി അറസ്റ്റ് ചെയ്തിട്ടുമില്ല. ഇതാണ് സുപ്രീംകോടതിയുടെ വിമർശനത്തിനുള്ള കാരണം.