തിരുവനന്തപുരം : കൊല്ലം തേവലക്കര സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കർശന നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. മാനേജരെ പുറത്താക്കിയ സംസ്ഥാന സർക്കാർ, സ്കൂൾ ഏറ്റെടുത്തു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിലാണ് നടപടി വിശദീകരിച്ചത്.
വിദ്യാർഥികളുടെ സുരക്ഷയിൽ വലിയ വീഴ്ച ഉണ്ടായ സാഹചര്യത്തിലാണ് കടുത്ത നടപടി സ്വീകരിച്ചതെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു. സി.പി.എം ലോക്കൽ കമ്മിറ്റി നിയന്ത്രണത്തിലുള്ള എയ്ഡഡ് സ്കൂളാണിത്.
സ്കൂൾ കെട്ടിടത്തോട് ചേർന്ന സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരിപ്പ് എടുക്കാൻ കയറിയ എട്ടാം ക്ലാസ് വിദ്യാർഥിയും തേവലക്കര വലിയപാടം മിഥുൻഭവനിൽ മനുവിൻറെ മകനുമായ മിഥുൻ (13) വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റാണ് മരിച്ചത്. ശാസ്താംകോട്ട തേവലക്കര കോവൂർ ബോയ്സ് സ്കൂളിൽ വ്യാഴാഴ്ച രാവിലെ 9.40നാണ് സംഭവം.
ക്ലാസ് പരിസരത്ത് കളിക്കുന്നതിനിടെയാണ് കെട്ടിടത്തോട് ചേർന്ന സൈക്കിൾ ഷെഡിന് മുകളിലേക്ക് ചെരിപ്പ് വീണത്. ക്ലാസ് മുറിയിൽ ഡസ്കിട്ട് ഭിത്തിയിൽ പിടിച്ച് മുകളിലെ വിടവിലൂടെ ഇരുമ്പ് ഷീറ്റ് പാകിയ സൈക്കിൾ ഷെഡിന് മുകളിൽ കയറിയ വിദ്യാർഥി ചെരിപ്പെടുക്കാനായി നടന്നു നീങ്ങുന്നതിനിടെ വഴുതി വീണപ്പോൾ താഴ്ന്നുകിടന്ന വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു.
ഷെഡിന് മുകളിൽ പാകിയ ഷീറ്റിൽ നിന്ന് അരമീറ്റർ പോലും ഉയരത്തിലായിരുന്നില്ല വൈദ്യുതി ലൈൻ. സ്കൂളിലേക്കും സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്കുമായി വലിച്ച ലൈനിൽ നിന്നാണ് ഷോക്കേറ്റത്. തേവലക്കര വൈദ്യുതി ഓഫിസിൽ നിന്ന് അധികൃതരെത്തി വൈദ്യുതി വിച്ഛേദിച്ച ശേഷം ബെഞ്ച് ഉപയോഗിച്ച് ലൈനിൽ നിന്ന് തട്ടി മാറ്റി കുട്ടിയെ താഴെയിറക്കി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വൈദ്യുതി ലൈനിന് തൊട്ട് താഴെ പഞ്ചായത്ത് അധികൃതരുടെ അനുമതിയില്ലാതെ വർഷങ്ങൾക്ക് മുമ്പ് പണിത സൈക്കിൾ ഷെഡ് അപകടനിലയിലാണെന്ന് പി.ടി.എ ഭാരവാഹികൾ അടക്കം മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും നടപടി എടുത്തിരുന്നില്ല.