എരൂരിലെ വൃദ്ധസദനത്തിൽ വയോധികക്ക് ക്രൂരമർദനം ; നിലത്തിട്ട് ചവിട്ടി, വാരിയെല്ലിന് പൊട്ടൽ

11:15 AM Nov 04, 2025 |


തൃപ്പൂണിത്തുറ: എരൂരിലെ വൃദ്ധസദനത്തിൽ വയോധികയായ താമസക്കാരിക്ക്​ ക്രൂരമർദനം. എരൂരിലെ ആർ.ജെ ചാരിറ്റബിൾ ട്രസ്റ്റ് എന്ന വൃദ്ധ സദനത്തിനെതിരെയാണ്​ പരാതി. പീഡനങ്ങളെത്തുടർന്ന് മഞ്ഞുമ്മൽ കുടത്തറപ്പിള്ളിൽ പരേതനായ അയ്യപ്പന്‍റെ ഭാര്യ ശാന്തയെ (71) കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സ്ഥാപന നടത്തിപ്പുകാരി രാധക്കെതിരെ ഹിൽപാലസ് പൊലീസ്​ കേസെടുത്തു.

ഭർത്താവിന്‍റെ മരണശേഷം സഹോദരിയുടെയും മകളുടെയും സംരക്ഷണയിലായിരുന്ന ശാന്ത വീണതിനെത്തുടർന്ന് കാലിന് പരിക്കേറ്റ് നടക്കാൻ ബുദ്ധിമുട്ടായതോടെയാണ് ആശുപത്രിയിലെ ചികിത്സക്കുശേഷം മെച്ചപ്പെട്ട പരിചരണത്തിനായി വൃദ്ധസദനത്തിലേക്ക്​ മാറിയത്. കഴിഞ്ഞ ആഗസ്റ്റ് രണ്ടിന് വൃദ്ധസദനത്തിലെത്തിയ ശാന്തക്ക്​ മൂന്നാം ദിവസം മുതൽ പീഡനമായിരുന്നു. അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കട്ടിലിൽനിന്ന് നിലത്തിട്ട് ചവിട്ടുകയും അടിക്കുകയും ചെയ്തെന്നും വാരിയെല്ലിന് പൊട്ടലുണ്ടായെന്നും എഫ്.ഐ.ആറിൽ പറയുന്നു.

Trending :

ബന്ധുക്കൾ കാണാനെത്തിയാൽ ഓരോ കാരണം പറഞ്ഞ് ഒഴിവാക്കുമായിരുന്നു. ശ്വാസതടസ്സം കൂടുതലാണെന്ന് വൃദ്ധ സദനത്തിൽനിന്ന് കഴിഞ്ഞ മാസാവസാനം വിളിച്ചറിയിച്ചതോടെ കൂട്ടിക്കൊണ്ടു പോകാനെത്തിയ ബന്ധുക്കൾ ആശുപത്രിയിലേക്ക്​ കൊണ്ടുപോകുംവഴിയാണ് തനിക്കുണ്ടായ ദുരനുഭവങ്ങൾ ശാന്ത വെളിപ്പെടുത്തിയത്.