
ഐക്കരപടി കുറിയേടത്ത് വയോധികയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കിണറ്റില്‍ കണ്ടെത്തി. കൊലത്തിയെന്ന അറുപത്തിയഞ്ചുകാരിയാണ് മരിച്ചത്. കൊണ്ടോട്ടി പൊലീസ് അന്വേഷണം തുടങ്ങി.
വീടിനു സമീപത്തെ ഒഴിഞ്ഞ പറമ്പിലെ കിണറ്റില്‍ അഴുകിയ നിലയിലായിരുന്നു മൃതദേഹം. ഈ കിണര്‍ ആരും കുടിവെള്ളത്തിനായി ഉപയോഗിച്ചിരുന്നില്ല. പറമ്പ് നനക്കാനും വസ്ത്രം കഴുകാനുമൊക്കെ അയല്‍വാസികള്‍ ഇവിടെ വന്ന് ഇടയ്ക്ക് വെള്ളമെടുക്കാറുണ്ട്. അങ്ങനെയെത്തിയ അയല്‍വാസി കിണറില്‍ നിന്ന് ദുര്‍ഗന്ധം വരുന്നത് ശ്രദ്ധിച്ചു. തുടര്‍ന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. അഗ്നിരക്ഷാസേനയും പൊലീസും മൃതദേഹം പുറത്തെടുത്തതോടെ മരിച്ചത് കൊലത്തിയാണെന്ന് വ്യക്തമായി.
അവിവാഹിതയാണ് കൊലത്തി. ബന്ധുക്കളുമായി സ്വരചേര്‍ച്ചയില്ലാത്തതിനാല്‍ ഏറെ നാളായി ഒറ്റയ്ക്കാണ് ഇവര്‍ താമസിക്കുന്നത്. ഞായറാഴ്ച്ച വൈകിട്ട് അയല്‍വാസികള്‍ ഇവരെ വീട്ടില്‍ കണ്ടിട്ടുണ്ട്. പിന്നീട് എന്തു സംഭവിച്ചെന്ന് ആര്‍ക്കും അറിയില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്ത കൊണ്ടോട്ടി പൊലീസ് അന്വേഷണം തുടങ്ങി.