+

ഒരു മിനി മാസ്റ്റ് ലൈറ്റിന് 24 ലക്ഷം രൂപ :സമൂഹമാധ്യമങ്ങളിലൂടെ വ്യാപക പ്രചാരണം :എം.വി ഗോവിന്ദൻ എം.എൽ.എ പരാതി നൽകി

തളിപ്പറമ്പ് എം.എൽ.എയും സി.പി.എം സംസ്ഥാന സെക്രട്ടെറിയുമായ എം.വി.ഗോവിന്ദനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ റൂറൽജില്ലാ പോലീസ് മേധാവിക്ക് പരാതി.


കണ്ണൂർ: തളിപ്പറമ്പ് എം.എൽ.എയും സി.പി.എം സംസ്ഥാന സെക്രട്ടെറിയുമായ എം.വി.ഗോവിന്ദനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ റൂറൽജില്ലാ പോലീസ് മേധാവിക്ക് പരാതി.ഇത് സംബന്ധിച്ച് എം.എൽ.എയുടെ വിശദീകരണ കുറിപ്പ് ചുവടെ-തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ എം.വി.ഗോവിന്ദൻ എംഎൽഎയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 24 ലക്ഷം രൂപ ചെലവിട്ട് 12 മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചിരുന്നു.2022 ജൂലൈ 20-ന് എംഎൽഎ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് കളക്ടർ മുഖേന ഭരണാനുമതി ലഭിച്ചത്.

തളിപ്പറമ്പ് നഗരസഭയിലെ സീതി സാഹിബ് ഹൈസ്‌കൂൾ, ഏഴാം മൈലിനടുത്ത് രചന ക്ലബ്ബ്, ഞാറ്റുവയൽ റഹ്മത്ത് നഗർ ജംങ്ഷൻ, കുപ്പം മരത്തക്കാട് ഐവർ പരദേവതാ ക്ഷേത്രം, മൊട്ടമ്മൽ കവല, ആസാദ് നഗർ ജംങ്ഷൻ, കൂവോട് പാലേരി പറമ്പ്, എന്നിവിടങ്ങളിലും ആന്തൂർ നഗരസഭയിലെ മൈലാട് ജംഗ്ഷനിലും കുറുമാത്തൂർ പഞ്ചായത്തിലെ മുണ്ടപ്പാലത്തും കൂനം എകെജി മന്ദിരത്തിന് സമീപവും പരിയാരം പഞ്ചായത്തിൽ അമ്മാനപ്പാറ കുട്ടിക്കാനത്തും മയ്യിൽ പഞ്ചായത്തിലെ മുല്ലക്കൊടി ടൂറിസം പദ്ധതി സ്ഥലത്തുമാണ് ഇവ സ്ഥാപിച്ചത്.

തദ്ദേശ സ്വയംഭരണ വകുപ്പ് എൻനിയറിങ്ങ് വിഭാഗത്തിനായിരുന്നു നിർവഹണ ചുമതല.എന്നാൽ ഇതിൽ മൈലാട് സ്ഥാപിച്ച ലൈറ്റിൽ മാത്രമാണ് ഫണ്ട് വിവരങ്ങൾ രേഖപ്പെടുത്തിയ ബോർഡ് സ്ഥാപിച്ചത്.നിക്ഷിപ്ത താൽപര്യക്കാരായ ചിലർ ഒരു ലൈറ്റിന് 24 ലക്ഷം രൂപ ചെലവഴിച്ചു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ ഈ ബോർഡിന്റെ ഫോട്ടോ വച്ച് വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ട്.ഇത് തികച്ചും സത്യവിരുദ്ധമാണ്. എം.എൽ.എ ഫണ്ട് മുഖേനയുള്ള പദ്ധതികൾ പൂർണ്ണമായും ഇ-ടെണ്ടർ വഴി സുതാര്യമായാണ് നടപ്പാക്കുന്നത്.തളിപ്പറമ്പ് മണ്ഡലത്തിൽ എം.എൽ.എ ഫണ്ട് വിനിയോഗം 100 ശതമാനമാണ്.അഞ്ചുവർഷത്തിനകം 30 കോടിയോളം രൂപയുടെ പദ്ധതികളാണ് എം.എൽ.എ ഫണ്ട് വഴി മാത്രം മണ്ഡലത്തിൽ നടപ്പാക്കിയത്.

ഒരു സ്ഥലത്ത് ലൈറ്റ് സ്ഥാപിച്ചതിന് മാത്രം 24 ലക്ഷം രൂപയായി എന്ന കള്ളപ്രചരണം ദുഷ്ടലാക്കോട് കൂടി സോഷ്യൽ മീഡിയയിൽ ചിലർ പ്രചരിപ്പിക്കുകയാണ്.തെരത്തെടുപ്പ് മുന്നിൽ കണ്ട് കൊണ്ടുള്ള ഇത്തരം വ്യാജ പ്രചരണം തള്ളി കളയണമെന്ന് എംവി ഗോവിന്ദൻ അറിയിച്ചു.
ഇത് സംബന്ധിച്ച് കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയതായും എം.എൽ.എ അറിയിച്ചു.

facebook twitter