മലയാളികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന എമ്പുരാന്റെ ട്രെയിലര്‍ അപ്‌ഡേറ്റ് പുറത്ത്. ട്രെയിലര്‍ നാളെ റിലീസ് ചെയ്യും. ഉച്ചയ്ക്ക് 1:08 ആകും ട്രെയിലര്‍ റിലീസ് ചെയ്യുക. മോഹന്‍ലാല്‍ തന്നെയാണ് ഇതോട് അനുബന്ധിച്ചുള്ള പുതിയ പോസ്റ്ററും പുറത്തുവിട്ടത്. അടുത്തിടെ ട്രെയിലര്‍ രജനികാന്തിനെ പൃഥ്വിരാജ് കാണിച്ചിരുന്നു.സാധരണ സിനിമകളുടെ ട്രെയ്ലര്‍ വൈകിട്ടാണ് പുറത്തുവിടാറുള്ളത്. എന്നാല്‍ എമ്പുരാന്റെ ട്രെയ്ലര്‍ പുറത്തെത്തുന്നത് നാളെ ഉച്ചയ്ക്ക് 1 : 8 നാണ്. എന്തുകൊണ്ടാണ് കൃത്യം ഈ സമയത്ത് തന്നെ ട്രെയ്‌ലര്‍ എത്തുന്നത് എന്നത് സംബന്ധിച്ച് ആരാധകര്‍ വലിയ ആകാംക്ഷയിലുമായിരിക്കുകയാണ്. ഈ സമയത്തിന് പിന്നിലെ കൗതുകം സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയുമായി.
ഇതിന് ബൈബിളുമായി ബന്ധമുണ്ടെന്നാണ് ചിലരുടെ കണ്ടെത്തല്‍. സിനിമയുടെ ട്രെയ്ലര്‍ പുറത്തിറങ്ങുന്ന സമയത്തില്‍ പോലും ഒരു ബ്രില്യന്‍സ് ഒളിപ്പിച്ചുവെക്കുകയാണ് എമ്പുരാന്‍ ടീം എന്നും ആരാധകര്‍ പറയുന്നു. 2019ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാന്‍ നിര്‍മ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ്.
ഖുറേഷി-അബ്രാം / സ്റ്റീഫന്‍ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിന്‍, ബൈജു , സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍.