കണ്ണൂർ:എമ്പുരാൻ സിനിമയ്ക്ക് പിന്തുണയുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എം.പി രംഗത്തെത്തി. സിനിമയിൽ ചിത്രീകരിച്ചിരിക്കുന്ന കലാപരംഗങ്ങൾ ഗുജറാത്ത് കലാപ കാലത്ത് സംഘപരിവാർ നടത്തിയ കലാപമാണെന്ന് സ്വയം ബോധ്യമായിട്ടുണ്ടെന്നും അതുകൊണ്ടാണ് ബിജെപി അനുകൂലികൾ ഈ സിനിമയ്ക്കെതിരെ രംഗത്ത് വന്നതെന്നാണ് മനസ്സിലാക്കുന്നതെന്നുംഅദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
സിനിമയിലെ കലാപകാരികൾ ബിജെപിയാണെന്ന് സ്വയം തിരിച്ചറിയാൻ സംഘപരിവാറിന് സാധിച്ചത് വലിയ കാര്യം തന്നെയാണ്. ഇന്ത്യാ ചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങൾ സിനിമയെന്ന മാധ്യമത്തിലൂടെ അടയാളപ്പെടുത്താൻ ശ്രമിച്ച അണിയറ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ.
ഒരു സിനിമ രാഷ്ട്രീയം സംവദിക്കുമ്പോൾ അതിനെതിരെ അസഹിഷ്ണുത പുലർത്തുന്നത് ബിജെപിയെയും സിപിഎമ്മിനെയും പോലെയുള്ള ഏകാധിപത്യ പാർട്ടികളുടെ സ്ഥിരം സമീപനമാണ് എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.