+

മഴമറ ആധുനിക കൃഷി രീതിയിലേക്കുള്ള ചുവടുവെപ്പ്: മന്ത്രി പി. പ്രസാദ്

ആധുനിക കൃഷി രീതിയിലേക്കുള്ള ചുവടുവെപ്പാണ് മിനി പോര്‍ട്ടബിള്‍ മഴമറയെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു.

കണ്ണൂർ :  ആധുനിക കൃഷി രീതിയിലേക്കുള്ള ചുവടുവെപ്പാണ് മിനി പോര്‍ട്ടബിള്‍ മഴമറയെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. പിണറായി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ നിര്‍മിച്ച മിനി പോര്‍ട്ടബിള്‍ മഴ മറയുടെയും തലശ്ശേരി ബ്ലോക്ക് കൂണ്‍ ഗ്രാമത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മാര്‍ക്കറ്റ് വിലയ്ക്കനുസരിച്ച് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. മൂല്യ വര്‍ധിത ഉല്‍പന്നങ്ങളാക്കി മാറ്റാന്‍ സാധിക്കുന്ന കൃഷിരീതിയിലേക്ക് വന്നാല്‍ മാത്രമേ കര്‍ഷകന് തന്റെ ഉല്‍പന്നങ്ങള്‍ക്ക് വില നിശ്ചയിക്കാനാവുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.

സ്മാര്‍ട് ഫാമിങ്ങിലൂടെ പിണറായി ഗ്രാമപഞ്ചായത്ത് കേരളത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. പിണറായി കൃഷിഭവന്റെ സഹായത്തോടെ പിണറായി കാര്‍ഷിക കര്‍മസേനയാണ് മിനി പോര്‍ട്ടബിള്‍ മഴ മറയുടെ മാതൃക വികസിപ്പിച്ചത്.
സ്ഥല ലഭ്യതക്കുറവ് മൂലം കൃഷി ചെയ്യുവാന്‍ സാധിക്കാത്തവര്‍ക്ക് മട്ടുപ്പാവില്‍ പത്ത് സ്‌ക്വയര്‍ മീറ്റര്‍ ഏരിയയില്‍ ഏത് കാലാവസ്ഥയിലും
സ്വന്തമായി വിഷരഹിത പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കാനാണ് മിനി പോര്‍ട്ടബിള്‍ മഴമറ വികസിപ്പിച്ചത്. ഇതിന്റെ ഓരോ ഭാഗവും ഊരിമാറ്റുവാനും ഘടിപ്പിക്കാനും സാധിക്കുന്നതിനാല്‍ സ്ഥലസൗകര്യം അനുസരിച്ച് എവിടെയും സ്ഥാപിക്കാം. കൃഷി സമൃദ്ധിയുമായി ബന്ധപ്പെട്ട് എല്ലാവീടുകളിലും ജൈവകൃഷി സാധ്യമാക്കുന്നതിനാണ് ഈ പദ്ധതി നടപ്പിലാക്കിയത്.

പരിപാടിയുടെ ഭാഗമായി പിണറായി പഞ്ചായത്തിലെ പത്ത് പേരടങ്ങുന്ന പിണറായി ചെങ്ങായീസ് എന്ന കൃഷിക്കൂട്ടം കൂണ്‍ ഉപയോഗിച്ച്  ഇരുപത്തഞ്ചോളം വിഭവങ്ങള്‍ തയ്യാറാക്കി സ്റ്റാളുകളില്‍ വില്‍പ്പന നടത്തി.  ചെറിയ പരിപാടികള്‍, ബേക്കറികള്‍, തട്ടുകടകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഈ ഗ്രൂപ്പ് പ്രധാനമായും വിപണനം നടത്തുക. പിസ, ബര്‍ഗര്‍, മഷ്‌റൂം കിഴി, മഷ്‌റൂം പത്തല്‍, പാസ്ത തുടങ്ങിവയാണ് പ്രധാന വിഭവങ്ങള്‍.
കണ്ണൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എം.എന്‍ പ്രദീപന്‍ കൃഷി സമൃദ്ധി പദ്ധതിയും ഹോര്‍ട്ടി കോര്‍പ് റീജിയണല്‍ മാനേജര്‍ സി.വി ജിതേഷ് കൂണ്‍ ഗ്രാമം പദ്ധതിയും വിശദീകരിച്ചു. പിണറായി കൃഷിഭവന്‍ കൃഷി ഓഫീസര്‍ വി.വി അജീഷ് മിനി മഴമറ പ്രൊജക്റ്റ് അവതരണം നടത്തി. പാച്ചപ്പൊയ്കയില്‍ നടന്ന പരിപാടിയില്‍ പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവന്‍ അധ്യക്ഷനായി. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി അനിത കൂണ്‍ വിഭവങ്ങള്‍ കൈമാറി. എ എം ടി എ പ്രോജക്ട് ഡയറക്ടര്‍ എ. സുരേന്ദ്രന്‍ ആദ്യ വില്‍പ്പന നടത്തി. ജില്ലാപഞ്ചായത്ത് അംഗം കൊങ്കി രവീന്ദ്രന്‍, പിണറായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നെല്ലിക്ക അനിത, സ്ഥിരം സമിതി അംഗങ്ങളായ വി.വി വേണുഗോപാല്‍, ഹംസ, പി. ലത, ഡെപ്യൂട്ടി കൃഷി ഡയറക്ടര്‍ ചെങ്ങാട്ട് തുളസി, കാര്‍ഷിക കര്‍മ സേന പ്രസിഡന്റ് ചന്ദ്രന്‍ മണപ്പാട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

facebook twitter