പ്രിൻസി തില്ലങ്കേരി
കണ്ണൂർ :ജനങ്ങൾക്ക് സംരക്ഷണം ഒരുക്കേണ്ട പോലീസ് തന്നെ വില്ലനായാലോ? ഇത്തരം കഥകൾ പലതും കേട്ടിട്ടുണ്ടെങ്കിലും സ്വന്തം അനുഭവത്തിൽ തന്നെ സംഭവിച്ചതിന്റെ ഞെട്ടലിലാണ് ഇയ്യ വളപ്പട്ടണം.
ചെയ്യാത്ത തെറ്റിന്റെ പേരിൽ പോലീസ് സ്റ്റേഷനിൽ കഴിയേണ്ടിവന്ന മണിക്കൂറുകൾ ഓർക്കുമ്പോൾ ഉളളിൽ നീറ്റലാണെന്നാണ് ഇയ്യ പറയുന്നത്. കാല് വയ്യാത്ത ഒരാളെ റോഡ് മുറിച്ച് കടക്കാൻ സഹായിച്ചതിന് ജയിൽ കയറേണ്ടിവന്ന ആദ്യത്തെയാൾ താനായിരിക്കുമെന്നും കേരള ഓൺലെെനിനോട് സംസാരിക്കവേ ഇയ്യ പറഞ്ഞു.
കഥാകൃത്തും കണ്ണൂർ പുതിയ തെരുവിൽ ഒരു ബിസിനസ് സ്ഥാപനവും നടത്തുന്ന ഇയ്യയുടെ കണ്ണുകൾ ഏറെ നേരമായിട്ടും റോഡ് മുറിച്ച് കടക്കാൻ വയ്യാത്ത വൃദ്ധനിലുടക്കി. റോഡിൽ വാഹനങ്ങളുടെ തിരക്കും എന്നാൽ തൊട്ട് അപ്പുറത്ത് നിൽക്കുന്ന പോലീസുകാരൻ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. ഉടൻ ഇയ്യ ഇടപ്പെട്ടു. ബാക്കി ഭാഗങ്ങൾ ഇയ്യ തന്നെ സംസാരിക്കും
'ആദ്യ കടമ്പ ആ വൃദ്ധനെ റോഡ് മുറിച്ച് കടക്കാൻ സഹായിക്കുകയായിരുന്നു. അത് ചെയ്യുന്നതിനിടെ ഞാൻ ആ പോലാസുകാരനോട് ചോദിച്ചു. കാലിന് സുഖമില്ലാത്ത ഈ വൃദ്ധൻ ഈ റോഡൊന്ന് കടക്കാൻ ബുദ്ധിമുട്ടുമ്പോൾ നിങ്ങൾക്കൊന്ന് സഹായിക്കാമായിരുന്നില്ലെ?
ഉടനെ പോലീസുകാരന്റെ മറുപടി അതിന് അവിടെ സീബ്രാ ലെെൻ ഉണ്ടോ? ഞാൻ തിരിച്ച് മറുപടി നൽകി അവിടെ സീബ്രാലെെൻ ഉണ്ടായിരുന്നു. മാഞ്ഞ് പോയതാണ് ഏറെകാലമായി ഞാൻ ഇവിടെ കടനടത്തുന്നത് എനിക്കത് കൃത്രമായി അറിയാം.
എന്നാൽ ആളുകളെ നടത്തലല്ല തന്റെ ജോലിയെന്നും ഗവർണറുടെ യാത്രയുമായി ബന്ധപ്പെട്ട ഡ്യൂട്ടിയാണ് തന്റെതെന്നും അയാൾ പറഞ്ഞു. ആ സമയം അവിടെയെത്തിയ വളപട്ടണം എസ്ഐ എന്നെ പിടിച്ച് തളളി വണ്ടിയിൽ കയറ്റി. എനിക്ക് ആദ്യം ഒന്നും മനസിലായില്ല. എന്തിനാണ് തന്നെ പോലാസ് അറസ്റ്റ് ചെയ്തത്? എന്താണ് താൻ ചെയ്ത കുറ്റം അങ്ങനെയാകെ മരവിച്ചുപോയി. അപ്പോൾ എസ് എ ദേഷ്യത്തോടെ എനിക്ക് നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു നിന്നെ മര്യാദ പഠിപ്പിക്കാൻ പറ്റുമോന്ന് നോക്കട്ടെ, മദ്യപിച്ച് പോലീസ് ഉദ്യോഗസ്ഥന്റെ ജോലി തടസപ്പെടുത്തിയതിന് നിന്നെ ജയിലിലടക്കും.
ജീവിതത്തിൽ ഇന്നെവരെ മദ്യപിച്ചിട്ടില്ലാത്ത ആരോടും ഒരു വഴക്കിന് പോകാത്ത എനിക്കെതിരെ ചാർത്തപ്പെട്ട കുറ്റം കേട്ട് ഞാൻ ഞെട്ടി. മദ്യപിക്കാറില്ലെന്നും പോലീസുകാരനോട് വളരെ നോർമലായാണ് സംസാരിച്ചതെന്നും പലകുറി ആവർത്തിച്ചിട്ടും ഫലമുണ്ടായില്ല. എസ് ഐ ഞാൻ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്ന് ആവർത്തിച്ചുകൊണ്ടിരുന്നു.
ഇതിനിടെ എന്റെ രണ്ട് മൂന്ന് പോലീസ് സുഹൃത്തുക്കളെ ഫോണിൽ വിളിക്കാൻ സാധിച്ചത് ഭാഗ്യമായി. അവർ വഴി വളപ്പട്ടണം എസ്ഐയെ മേലുദ്യോഗസ്ഥർ എന്റെ വിവരം തിരക്കി അന്വേഷിക്കുമ്പോഴും ഞാൻ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന് അവരോടും ആവർത്തിച്ചു.
ഞാൻ ജീവിതത്തിൽ ഇതുവരെയും മദ്യപികാത്തവനാണെന്ന് അറിയാവുന്ന എന്റെ സുഹൃത്തുക്കൾക്ക് എനിക്കെതിരെ പൊളളയായ ആരോപണം ഉന്നയിക്കുകയാണെന്ന് മനസിലായതിന്റെ അടിസ്ഥാനത്തിൽ എന്നെ വിടുതൽ ചെയ്യിക്കാനുളള ശ്രമങ്ങൾ അവർ തുടർന്നുകൊണ്ടെയിരുന്നു. അവസാനം എന്നെ രാസപരിശോധനനടത്തിയാൽ സംഗതി കെെവിട്ട് പോകുമെന്ന് മനസിലാക്കിയതിനാലാവണം കുറച്ച് മണിക്കൂറുകൾക്ക് ശേഷം അവരെന്നെ വിട്ടയച്ചു.
ഇനി ഞാൻ വല്ലപ്പോഴും അൽപം മദ്യപിക്കുന്ന ആളെന്ന് കരുതുക അപ്പോഴീ കുറ്റം ചുമത്തപ്പെട്ടാൽ ചിലപ്പോൾ ആളുകൾ കാര്യമന്വേഷിക്കാതെ വിശ്വസിച്ചെനെ. ഞാൻ ആലോചിക്കുന്നത് അതുമാത്രമല്ല എത്ര നിസാരമായാണ് ഓരോരുത്തരുടെ പേരിൽ കേസുണ്ടാക്കുന്നത്.
എത്രപെട്ടന്നാണ് ഒരു കുറ്റവാളിയെയുണ്ടാക്കുന്നത്. വളപട്ടണം പോലീസ് സ്റ്റേഷനിൽ ഞാൻ അനുഭവിച്ചത് കൊടിയ മാനസിക പീഡനമാണ്, മദ്യം ഇതുവരെ രുചിച്ചുനോക്കിയിട്ടില്ലാത്ത എന്നെ മദ്യപാനിയാക്കാൻ കൂടി ശ്രമിച്ചത് എന്നെ വല്ലാതെ തളർത്തി.
ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ട പോലീസുതന്നെ ജനങ്ങളെ പീഡിപ്പിക്കുന്ന അവസ്ഥ, ഞാനും വളപട്ടണം എസ്ഐയുമായോ ഇതിന് മുമ്പ് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല പിന്നെ എന്താണ് അദ്ദേഹത്തിന് ഇത്ര പകയെന്ന് നിശ്ചയമില്ല.
ഒരാൾക്ക് ഒരു സഹായം ചെയ്തത് ഇത്രയ്ക്ക് ക്രൂരത വേണ്ടിയിരുന്നില്ല' പറഞ്ഞുനിർത്തി ഇയ്യ ഒരു ദീർഘ ശ്വാസമടുത്തു. ഹൃദ്രോഗി കൂടിയായ താൻ അവിടെ പിടഞ്ഞുവീഴാതിരുന്നത് എന്തോ ഭാഗ്യമെന്നെ ഇയ്യ ഇപ്പോഴും കരുതുന്നുളളൂ. അത്രയെറെ നോവാണ് ഈ സംഭവം അയാളിൽ ഏൽപ്പിച്ചിരിക്കുന്നത്.