+

നേതൃമാറ്റത്തിൽ കോൺഗ്രസിൽ ഇനിയും പൊട്ടിത്തെറികളുണ്ടാവും: ഇ.പി ജയരാജൻ

കോൺഗ്രസിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ട് ഇനിയും കോൺഗ്രസിൽ പൊട്ടിത്തെറികളുണ്ടാവുമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ പറഞ്ഞു. കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


കണ്ണൂർ: കോൺഗ്രസിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ട് ഇനിയും കോൺഗ്രസിൽ പൊട്ടിത്തെറികളുണ്ടാവുമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ പറഞ്ഞു. കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവരുടെ രാഷ്ട്രീയ നയം തെറ്റാണ്. അതിൻ്റെ ഫലമാണ് ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് ഒന്നാം ഘട്ട പ്രവൃത്തി പൂർത്തീകരണ ഉദ്ഘാടന പരിപാടിയിൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് പങ്കെടുത്തതിൽ തെറ്റില്ല. 

ഇത്തരം പരിപാടികളിൽ പാർട്ടിയുടെ പ്രതിനിധി ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഏതു മുഖ്യമന്ത്രിയായാലും ആ പാർട്ടിയുടെ പ്രതിനിധികൾ വേദിയിലുണ്ടാകും. എന്നാൽ വിഴിഞ്ഞത്ത് ഒരു പാർട്ടിയുടെ നേതാവിനെ മാത്രം പ്രധാനമന്ത്രി പങ്കെടുക്കുന്ന യോഗത്തിൽ ഇരുത്തിയത് ഔചിത്യക്കേടാണ്. ഇതാണ് രാജീവ് ചന്ദ്രശേഖർ മാത്രം വേദിയിലിരുന്നത് വിമർശിക്കാൻ കാരണം. രാജീവ് ചന്ദ്രശേഖറും കെ.കെ രാഗേഷും സർക്കാർ വേദിയിലിരുന്നത് രണ്ടും രണ്ട് വിഷയങ്ങളാണ്. അതിനെ അങ്ങനെ കാണാനും വിലയിരുത്താനും കഴിയണമെന്നും ഇ.പി പറഞ്ഞു. മുഖ്യമന്ത്രിയെ കുറിച്ചു സെക്രട്ടറിയേറ്റ് ജീവനക്കാരുടെ സംഘടനയുണ്ടാക്കിയ ഡോക്യുമെൻ്ററിയെ കുറിച്ച് മാധ്യമ വിവാദങ്ങൾ അനാവശ്യമാണ്. ഒരാളുടെ പ്രവർത്തനത്തിൽ ആവേശം കൊണ്ടു ഡോക്യുമെൻ്ററി ഒരുക്കിയതിൽ തെറ്റില്ല. ചരിത്ര നായകരെ കുറിച്ച് ഇതിന് മുൻപും ഇങ്ങനെയുണ്ടായിട്ടുണ്ട്. 

വേടന് സർക്കാർ വേദി നൽകിയത് നല്ലൊരു സംഗീതജ്ഞനായ തു കൊണ്ടാണ്. പുതിയ തലമുറയെ വലിയ തോതിൽ സ്വാധീനിക്കുന്ന പാട്ടുകാരനാണ് അദ്ദേഹം ' ലഹരി മരുന്ന് ഉപയോഗത്തിൽ നിന്ന് തിരുത്തി വരുമെന്ന് വേടൻ തന്നെ പറഞ്ഞിട്ടുണ്ട്. സർക്കാർ പരിപാടിയിൽ വേടനെ നിശ്ചയിച്ചത് പാട്ടുകാരനെന്ന നിലയിലാണ്. ലഹരി ഉപയോഗം നോക്കിയല്ല. ആത്മകഥാ വിവാദത്തിൽ ഡി.സി ബുക്സിനെതിരെ അവർ തെറ്റ് സമ്മതിച്ച പശ്ചാത്തലത്തിൽ തുടർ നടപടികളില്ലെന്ന് ഇപി ജയരാജൻ പറഞ്ഞു. ആരോടും തനിക്ക് പ്രതികാര മനോഭാവമില്ലെന്നും ഇതിന് പിന്നിൽ ആരാണ് പ്രവർത്തിച്ചതെന്ന് അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.

facebook twitter