എന്നെ സംശയത്തിൽ നിർത്താൻ വലിയ ഗൂ​ഢാലോചന നടക്കുന്നു : ഇ.പി. ജയരാജൻ

11:00 AM Jan 23, 2025 | Neha Nair

കണ്ണൂർ: എന്നെ സംശയത്തിൽ നിർത്താൻ വലിയ ഗൂ​ഢാലോചന നടക്കുന്നുവെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ വെളിപ്പെടുത്തൽ. പാർട്ടിക്കുള്ളിലുള്ളവരെപ്പോലും എനിക്കെതിരേ തിരിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നത് വസ്തുതയാണ്. ഇതിനർഥം പാർട്ടിക്കുള്ളിൽ ശത്രുക്കളുണ്ടെന്നല്ല. എന്നെ സംശയത്തിൽനിർത്തുക. അതിലൂടെ ഇടതുപക്ഷത്തിനെതിരായ വികാരം ഉണ്ടാക്കിയെടുക്കുക എന്ന നീക്കമാണ് നടക്കുന്നത്. അപ്പോൾ പാർട്ടിക്കാർകൂടി എന്നെ സംശയിക്കുന്ന അവസ്ഥയുണ്ടാകും.

ഇൗ നീക്കത്തിന് പിന്നിൽ വലിയ ഗൂഢാലോനയാണ് നടക്കുന്നത്. ഇത്തരം വാർത്തകൾക്കുപിന്നിൽ ആരാണെന്ന് അന്വേഷിച്ചാൽ നിങ്ങൾക്കും അത് ബോധ്യമാകും. മാധ്യമങ്ങളുണ്ടാക്കിയ വിവാദങ്ങളെല്ലാം പരിശോധിച്ചാൽ അത് ബോധ്യമാകും. എന്നാൽ, ജനങ്ങൾക്കും പാർട്ടിപ്രവർത്തകർക്കും എന്നെ നന്നായി അറിയാമെന്നാണെന്റെ വിശ്വാസമെന്നും ജയരാജൻ പറഞ്ഞു.

എനിക്കെതിരേ നടക്കുന്ന കാര്യങ്ങളിൽ ഗൂഢാലോചനക്ക് പിന്നിൽ ആരാണന്നത് ഞാൻ വിളിച്ചുപറയേണ്ടതല്ല. ആരേയും ഞാൻ സംശയത്തിൽ നിർത്തുന്നില്ല. എനിക്കെല്ലാം ബോധ്യമായിരിക്കുകയാണ്. ഇത്തരം വാർത്തകൾ വരുന്ന വഴിയെക്കുറിച്ചുൾപ്പെടെ അറിവുകളുണ്ട്. അത്, വിളിച്ച് പറയേണ്ടത് ഞാനല്ല. എല്ലാ കാര്യവും പുറത്തുവരും. പാർട്ടിക്കകത്ത് എല്ലാ കാര്യവും തുറന്നുപറയാറുണ്ട്.

Trending :

പാർട്ടി ഒരു കുടുംബമാണ്. ഒരിക്കലും ചതിക്കാൻ അവസരം നോക്കിനിൽക്കുന്ന ആൾക്കൂട്ടമല്ലത്. ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണ്. അത് പൂര്‍ത്തിയായിട്ടില്ല. അതിന്റെ കവറോ ആമുഖമോ ഒന്നും തയ്യാറായിട്ടില്ല. ഈ ഘട്ടത്തില്‍ അത് പ്രസിദ്ധീകരിക്കുന്നത് പ്രഖ്യാപിക്കുന്നു. അതിലുള്ളതെന്ന പേരില്‍ ചില ഭാഗങ്ങള്‍ പുറത്തുവരുന്നു. അതും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വോട്ടെടുപ്പ് ദിവസം. ഇതിലെല്ലാം ഒരു ഗൂഢാലോചനയുണ്ടെന്ന് സംശയിക്കാന്‍ പ്രത്യേകകാരണം വേണ്ടതുണ്ടോയെന്നും ജയരാജൻ ചോദിക്കുന്നു.