മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കൊച്ചിയിലെ ഒരു ബ്ലോക്ക് മുഴുവൻ മാലിന്യമുക്തമായി

04:28 PM Apr 18, 2025 | AJANYA THACHAN

കൊച്ചി : മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി എറണാകുളം പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിനെ മാലിന്യ മുക്തമായി പ്രഖ്യാപിച്ചു. കെ ജെ മാക്‌സി എം എല്‍ എയാണ് പ്രഖ്യാപനം നടത്തിയത്. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള കുമ്പളം, കുമ്പളങ്ങി, ചെല്ലാനം ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും മാലിന്യ സംസ്‌കരണവും ശുചീകരണ പ്രവര്‍ത്തനങ്ങളും കൃത്യമായി നടത്തിയ വിവിധ മേഖലകളിലുള്ളവരെ ചടങ്ങില്‍ ആദരിച്ചു.

മികച്ച വാര്‍ഡായി കുമ്പളങ്ങി അഞ്ചാം വാര്‍ഡും കുമ്പളങ്ങി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തെ മികച്ച സ്ഥാപനമായും ഉദയത്തുംവാതില്‍ സെന്‍ട്രല്‍ റസിഡന്റ് അസോസിയേഷനെ മികച്ച റസിഡന്റ് അസോസിയേഷനായും കുമ്പളം തണലിനെ മികച്ച ജനകീയ സംഘടനയായും കുമ്പളങ്ങി വായനശാലയെ മികച്ച ഹരിത വായനശാലയായും ചേപ്പനം ബണ്ട് റോഡ് മികച്ച പൊതു ഇടമായും സുരഭി മികച്ച ഹരിത അയല്‍ക്കൂട്ടമായും മികച്ച ഹരിത ടൗണായി കണ്ണമാലിയെയും മികച്ച ഹരിത വിദ്യാഭ്യാസ സ്ഥാപനമായി പുത്തന്‍തോട് ജി എച്ച് എസ് എസിനെയും തെരഞ്ഞെടുത്തു.