കേരള മോഡൽ: മാനവ വികസനത്തിലെ ലോകമാതൃക: ധനമന്ത്രി കെ.എൻ. ബാലഗോപാൽ

07:31 PM Oct 14, 2025 | AVANI MV

എറണാകുളം:എല്ലാവരെയും ഒരുപോലെ ചേർത്ത് പിടിച്ചുള്ള  കേരള മോഡൽ മാനവ വികസനത്തിലെ ലോകമാതൃകയാണെന്ന്
ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.  വിഷൻ 2031 ന്റെ ഭാഗമായി ധനകാര്യവകുപ്പ് എറണാകുളം ഗോകുലം പാർക്ക്‌ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച   സംസ്ഥാനതല സെമിനാറിൽ കേരളം @ 2031: ഒരു പുതിയ ദർശനം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 

 പൊതു വികസനത്തിൽ  എല്ലാവരെയും പരിഗണിക്കുന്ന  മാതൃക കേരളത്തിന്റെ സവിശേഷതയാണ്. ലോകത്തിലെ ഏറ്റവും സമ്പന്ന രാഷ്ട്രങ്ങളേക്കാൾ വരുമാനം കുറവാണെങ്കിലും, മനുഷ്യ വികസന സൂചികയിൽ കേരളം മുന്നിലാണ്.   ശിശുമരണ നിരക്കിന്റെ കണക്കുകളിൽ കേരളം അമേരിക്കൻ ഐക്യനാടുകളേക്കാൾ മുന്നിലാണ്. ജനനം മുതൽ മരണം വരെ മനുഷ്യന്റെ ജീവിതത്തിനൊപ്പം നിൽക്കുന്നതാണ് കേരളീയ സമൂഹം.

മുൻപ് ഇന്ത്യൻ ശരാശരിയേക്കാൾ 30% കുറവായിരുന്ന കേരളത്തിന്റെ ആളോഹരി വരുമാനം ഇപ്പോൾ 50-60% ആണ്.  ഏറ്റവും കൂടുതൽ ആളോഹരി വരുമാനമുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. സംസ്ഥാനത്തിന്റെ സമ്പത്ത് ഒരു നഗരത്തിൽ കേന്ദ്രീകരിക്കാതെ, സൗകര്യങ്ങൾ കുറച്ചുകൂടി വിതരണം ചെയ്യപ്പെട്ടിരിക്കുന്നു എന്നതാണ് കേരളത്തിന്റെ പ്രത്യേകത. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമാണ് ഏറ്റവും കൂടുതൽ പണം മുടക്കിയത്. സംസ്ഥാന സർക്കാർ ചെലവഴിക്കുന്ന ശമ്പളത്തിൽ  50% അധികം അധ്യാപകർക്കും ആരോഗ്യ പ്രവർത്തകർക്കുമാണ് എന്നത് ഈ മുൻഗണന വ്യക്തമാക്കുന്നു എന്നും മന്ത്രി പറഞ്ഞു. 

Trending :

കേരളത്തിന്റെ ജിഎസ്ടിപിയുടെ ഏകദേശം 23% വരെ പ്രവാസി വരുമാനം സംഭാവന ചെയ്യുന്നുണ്ട്. ഇന്ത്യയിലെ ആകെ പ്രവാസി വരുമാനത്തിൽ വലിയ പങ്ക് കേരളത്തിൽ നിന്നാണ്. ഇത് സംസ്ഥാനത്തെ നിക്ഷേപത്തിന് ഏറെ സഹായകമായി. എന്നാൽ, വിസ ഫീസ് വർധന പോലുള്ള പുതിയ സാഹചര്യങ്ങൾ പ്രവാസത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്ക ഉയർത്തുന്നു.

കേരളം നിലവിൽ നേരിടുന്ന സാമ്പത്തിക വെല്ലുവിളികളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. ജിഎസ്ടി നടപ്പാക്കിയതിനുശേഷം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള സാമ്പത്തിക ബാലൻസ് വ്യത്യാസപ്പെട്ടു. റേറ്റുകൾ കുറച്ചതിൻ്റെ പ്രയോജനം സാധാരണ ഉപഭോക്താക്കൾക്ക് ലഭിക്കാതെ വലിയ നിർമ്മാതാക്കൾക്കാണ് ലഭിച്ചതെന്ന് ഒരു പഠനം സൂചിപ്പിക്കുന്നു. ഈ നികുതി കുറവ് കാരണം സംസ്ഥാനത്തിന് ഏകദേശം 8,000 കോടി മുതൽ 10,000 കോടി രൂപ വരെ കുറവ് വന്നേക്കാം.

കൂടാതെ, പതിനഞ്ചാം ധനകാര്യ കമ്മീഷൻ പ്രകാരം കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകുന്ന പണത്തിന്റെ വിഹിതം കുറഞ്ഞത് കേരളത്തെ ബാധിച്ചു. മുൻപ് 14-ാം ധനകാര്യ കമ്മീഷന്റെ സമയത്ത് ₹3.80 കിട്ടിക്കൊണ്ടിരുന്നത് ഇപ്പോൾ ₹1.92 ആയി കുറഞ്ഞു (ഓരോ ₹100-നും). ഈ കുറവ് വഴി വർഷംതോറും ₹27,000 കോടിയുടെ വരെ നഷ്ടമാണ് ഉണ്ടാകുന്നത്. ജിഎസ്ടി പോലുള്ള നിയമങ്ങൾ വന്നതോടെ സംസ്ഥാനങ്ങൾക്ക് ലഭിച്ചിരുന്ന നികുതി വരുമാനം കുറഞ്ഞു.

പബ്ലിക് അക്കൗണ്ടിലെ നിക്ഷേപത്തിന്റെയും കിഫ്ബി, പെൻഷൻ കമ്പനി എന്നിവ മുൻകാലങ്ങളിൽ എടുത്ത കടത്തിന്റെയും പേരിൽ ഇപ്പോൾ നമ്മുടെ വായ്പാ അനുപാതത്തിൽ  വെട്ടിക്കുറവ് വരുത്തുന്നു. ഇതുമൂലം കിഫ്ബിയുടെ ധന സ്രോതസ്സുകൾ തടയപ്പെടുന്ന അവസ്ഥയാണ്. ഈ വർഷം പതിനായിരം കോടി രൂപയെങ്കിലും കിഫ്ബിയ്ക്ക് നൽകുന്നത് സംസ്ഥാന ബജറ്റിൽ നിന്നാണ്. 

കേരളം കടക്കെണിയിലാണെന്ന വാദം തെറ്റാണെന്ന് സി.എ.ജി റിപ്പോർട്ട് വ്യക്തമാക്കുന്നു. കേരളത്തിന്റെ കടം അപകടാവസ്ഥയിലല്ലെന്നും, വായ്പകൾ മൂലധന ചെലവുകൾക്കാണ് ഉപയോഗിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്. കേന്ദ്ര, ആർ.ബി.ഐ. മാനദണ്ഡങ്ങൾ പാലിച്ചാണ് സംസ്ഥാനം കടമെടുക്കുന്നത്. ഈ സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോൾ 6 ലക്ഷം കോടിയാകുമെന്ന പ്രചാരണം തെറ്റാണെന്നും, 4.74 ലക്ഷം കോടി മാത്രമാണ് നിലവിലെ കടമെന്നും സി.എ.ജി. കണക്കുകൾ സൂചിപ്പിക്കുന്നു.

എല്ലാ പ്രതികൂല സാഹചര്യങ്ങളിലും സംസ്ഥാന സർക്കാർ വികസന പ്രവർത്തനങ്ങൾക്കും പൊതുചെലവുകൾക്കും കുറവ് വരുത്തിയിട്ടില്ല. ഈ വർഷം നമ്മുടെ തനത് വരുമാനം ഒരു ട്രില്യൺ രൂപയിലേക്ക് എത്തുകയാണ്. ഇങ്ങനെ വൻതോതിൽ തനത് നികുതി, നികുതിയേതര വരുമാനം ഉയർത്തിയാണ് വികസന ക്ഷേമ പ്രവർത്തനങ്ങൾ ഒരു കുറവുമില്ലാതെയാണ് മുന്നോട്ടുകൊണ്ടുപോകുന്നത്.  

കെ.എസ്.എഫ്.ഇയുടെ വാർഷിക ബിസിനസ്സ് 1.04 ലക്ഷം കോടിരൂപയായി. കെ.എഫ്.സിയുടെ വിറ്റുവരവ് ഈ വർഷം പതിനായിരം കോടിയിൽ എത്തുകയാണ്. ലോട്ടറിയിലും സ്റ്റേറ്റ് ഇൻഷുറൻസിലും ദേശീയ സമ്പാദ്യ പദ്ധതിയിലുമൊക്കെ മികച്ച നേട്ടം കൈവരിക്കാനാകുന്നു.
സ്റ്റാർട്ടപ്പ്, കാർഷിക, എം.എസ്.എം.ഇ മേഖലകൾക്ക് കെ.എഫ്.സി വലിയ പിന്തുണയാണ് നൽകുന്നത്.

കേരളത്തിന്റെ ഭാവി വികസനത്തിന് പൊതുനിക്ഷേപം അത്യന്താപേക്ഷിതമാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പബ്ലിക് സ്പെൻഡിംഗ് വികസനത്തിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ, കേരളത്തിന് ന്യായമായി ലഭിക്കേണ്ട സാമ്പത്തിക വിഹിതം ഉറപ്പാക്കാൻ കൂട്ടായ പ്രസ്ഥാനം ഉണ്ടാകണം. കൃഷി, വ്യവസായം എന്നിവയ്ക്കൊപ്പം സർവീസ് മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി മുന്നോട്ട് പോകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

 വിഷൻ 2031: ധനകാര്യ വകുപ്പ് നേട്ടങ്ങളും ഭാവി കാഴ്ചപ്പാടുകളും സംസ്ഥാനതല സെമിനാർ ഉദ്ഘാടന ചടങ്ങിൽ ധനകാര്യവകുപ്പ്  അഡീഷണൽ ചീഫ് സെക്രട്ടറി  കെ ആർ ജ്യോതിലാൽ ധനസ്ഥിതി റിപ്പോർട്ട്‌ അവതരിപ്പിച്ചു. സെക്രട്ടറിമാരായ   അജിത് പാട്ടീൽ(ധനകാര്യ റിസോഴ്സസ്) , കേശവേന്ദ്രകുമാർ (ഫിനാൻസ് എക്സ്പെന്റീച്ചർ)    തുടങ്ങിയവർ സംസാരിച്ചു.