+

ആഗോള വിദഗ്ദർ പങ്കെടുക്കുന്ന പ്രമേഹ ഗവേഷകരുടെ ദേശീയ സമ്മേളനം കൊച്ചിയിൽ

പ്രമേഹ രോഗ ചികിത്സാ ശാസ്ത്ര രംഗത്ത്, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സമ്മേളനങ്ങളിലൊന്നായ റിസർച്ച് സൊസൈറ്റി ഫോർ ദി സ്റ്റഡി ഓഫ് ഡയബറ്റിസ് ഇൻ ഇന്ത്യ (ആർഎസ്എസ്ഡിഐ) യുടെ 53-ാമത് ദേശീയ വാർഷിക സമ്മേളനത്തിന് വേദിയാവാനൊരുങ്ങി കൊച്ചി.

കൊച്ചി : പ്രമേഹ രോഗ ചികിത്സാ ശാസ്ത്ര രംഗത്ത്, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സമ്മേളനങ്ങളിലൊന്നായ റിസർച്ച് സൊസൈറ്റി ഫോർ ദി സ്റ്റഡി ഓഫ് ഡയബറ്റിസ് ഇൻ ഇന്ത്യ (ആർഎസ്എസ്ഡിഐ) യുടെ 53-ാമത് ദേശീയ വാർഷിക സമ്മേളനത്തിന് വേദിയാവാനൊരുങ്ങി കൊച്ചി. നവംബർ 6 മുതൽ 9 വരെ ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന നാല് ദിവസത്തെ ദേശീയ ശാസ്ത്ര കോൺക്ലേവിൽ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള 7,000-ത്തിലധികം പ്രതിനിധികൾ പങ്കെടുക്കും. 14 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അഭിമാനകരമായ ദേശീയ ആർഎസ്എസ്ഡിഐ സമ്മേളനം കേരളത്തിലേക്ക് തിരിച്ചെത്തുന്നത്.

പ്രമേഹ പ്രതിരോധം, ചികിത്സ, സാങ്കേതികവിദ്യ എന്നിവയിലെ ഏറ്റവും പുതിയ പുരോഗതികൾ പങ്കുവെക്കുന്നതിനായി പ്രമുഖ പ്രമേഹരോഗ വിദഗ്ധർ, ഡോക്ടർമാർ, ഗവേഷകർ, പോഷകാഹാര വിദഗ്ധർ, പ്രമേഹത്തെ കുറിച്ചുള്ള  ബോധനം നൽകുന്നവർ, ആരോഗ്യപരിചരണ വിദഗ്ദ്ധർ, മെഡിക്കൽ വിദ്യാർത്ഥികൾ എന്നിവരെല്ലാം ഈ സമ്മേളനത്തിന്റെ ഭാഗമാകും. പ്ലീനറി സെഷനുകൾ, സിമ്പോസിയങ്ങൾ, വിദഗ്ദ്ധ പാനലുകൾ, പ്രായോഗിക വർക്ക്‌ഷോപ്പുകൾ, പബ്ലിക് ഫോറം എന്നിവയെല്ലാം  ഇതിന്റെ ഭാഗമായി ഉണ്ടാവും. ഈ വർഷം മൊത്തത്തിൽ 328 സയന്റിഫിക് അബ്‌സ്ട്രാക്റ്റുകളാണ് ലഭിച്ചത്. അതിൽ 169 എണ്ണം നേരിട്ടുള്ള അവതരണങ്ങൾക്കും 107 എണ്ണം പോസ്റ്ററുകൾക്കുമായി തിരഞ്ഞെടുത്തു.

വെള്ളിയാഴ്ച നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുഖ്യാതിഥിയും ഡോ. ശശാങ്ക് ജോഷി വിശിഷ്ടാതിഥിയുമായിരിക്കും.'ഹൃദയാഘാതം, വൃക്ക തകരാറ്, പക്ഷാഘാതം, വിഷാദം, കൈകാലുകൾ മുറിച്ചുമാറ്റൽ, ലൈംഗികശേഷിക്കുറവ്, അന്ധത എന്നിവയ്ക്കുള്ള പ്രധാന കാരണം പ്രമേഹമാണെന്ന് സംഘാടക സമിതി ചെയർമാൻ ഡോ. ജ്യോതിദേവ് കേശവദേവ്
പറഞ്ഞു. 'ഈ രംഗത്ത് ശ്രദ്ധേയമായ ശാസ്ത്രീയ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും, പ്രമേഹമുള്ളവരിൽ 10% ൽ താഴെ ആളുകൾക്ക് മാത്രമേ ഒഴിവാക്കാവുന്ന ഈ സങ്കീർണതകൾ തടയാൻ കഴിയുന്നുള്ളു. തെറ്റായ വിവരങ്ങൾ, ചികിത്സ അകാലത്തിൽ നിർത്തലാക്കൽ, ഭക്ഷണക്രമവും ശാരീരിക വ്യായാമവും പാലിക്കാത്തത്, മരുന്നുകളുടെ സുരക്ഷയെക്കുറിച്ചുള്ള അനാവശ്യമായ ഭയം എന്നിവ പലപ്പോഴും ഏറ്റവും മികച്ച പരിചരണത്തിന് തടസ്സമാകുന്നു' അദ്ദേഹം പറഞ്ഞു.

'തെറാപ്പിയിലും സാങ്കേതികവിദ്യയിലുമുള്ള മുന്നേറ്റങ്ങളിൽ നിന്ന് രോഗികൾക്ക് പ്രയോജനം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് തുടർച്ചയായതും, തെളിവുകൾ അടിസ്ഥാനമാക്കിയുള്ളതുമായ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് ഡോക്ടർ ജ്യോതിദേവ് ഊന്നിപ്പറഞ്ഞു. 'ശാസ്ത്രീയ പുരോഗതിയെ രോഗികൾക്ക് മികച്ച ഫലമുണ്ടാവുന്ന വിധത്തിലേക്ക് മാറ്റിയെടുക്കാൻ ക്ലിനിക്കുകളെ പ്രാപ്തരാക്കുന്നതിന് മാർഗ്ഗനിർദ്ദേശാധിഷ്ഠിതവും പ്രായോഗികവുമായ പഠനം നൽകുന്നതാണ് ഈ സമ്മേളനം' അദ്ദേഹം കൂട്ടിച്ചേർത്തു.


ക്ലിനിക്കൽ പ്രമേഹ മാനേജ്‌മെന്റ്, ടൈപ്പ് 1 പ്രമേഹം, ഗർഭകാല പ്രമേഹം, ഫാർമക്കോതെറാപ്പി, ഡിജിറ്റൽ ഹെൽത്ത്, എഐ, പ്രമേഹ സാങ്കേതികവിദ്യ, ഉപാപചയ പ്രവർത്തനവും പൊണ്ണത്തടിയും മാനേജ് ചെയ്യുന്ന രീതികൾ, പോഷകാഹാര ശാസ്ത്രം, പ്രതിരോധ തന്ത്രങ്ങൾ, പൊതുജനാരോഗ്യ നയം, പ്രമേഹത്തിന്റെ മാനസികാരോഗ്യ വശങ്ങൾ എന്നിവയെല്ലാം ശാസ്ത്രീയ സെഷനുകളിൽ വിഷയമാകും.

ഡോ. അനിത നമ്പ്യാർ (ഓർഗനൈസിംഗ് സെക്രട്ടറി), ഡോ. അനുജ് മഹേശ്വരി (നാഷണൽ സയന്റിഫിക് ചെയർമാൻ), ഡോ. റഫീഖ് മുഹമ്മദ് (ട്രഷറർ) എന്നിവർ ഉൾപ്പെടുന്നതാണ് സംഘാടക സമിതി.
 

facebook twitter