കോട്ടയം: കുടുംബങ്ങളിൽ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുന്നവർക്കെതിരെ പുതിയ നടപടിയുമായി ഏറ്റുമാനൂർ പൊലീസ്. മദ്യപിച്ചു കുടുംബങ്ങളിൽ പ്രശ്‌നം ഉണ്ടാക്കുന്ന ആളുകൾ കുടുംബങ്ങളിൽ പോയി വീണ്ടും പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ സ്റ്റേഷനിൽ വന്നു രാത്രി 8മണിക്ക് ശേഷം ഒപ്പിടണമെന്നാണ് ഏറ്റുമാനൂർ പൊലീസിന്റെ തീരുമാനം.
ഇത്തരത്തിൽ ദിവസവും 100 ആളുകൾക്കടുത്ത് വിവിധ ദിവസങ്ങളിൽ ഒപ്പിടുന്ന ഒരു സ്റ്റേഷൻ ആണ് ഏറ്റുമാനൂർ പൊലീസ് സ്റ്റേഷൻ. ഒപ്പിടാൻ എത്താത്തവരെ കൃത്യമായി വിളിച്ച് കാര്യം തിരക്കുമെന്നും ഒപ്പിടൽ നിർത്തണമെങ്കിൽ ഭാര്യ ‘ചേട്ടൻ ഇപ്പോൾ കുഴപ്പം ഇല്ല സർ, ഒപ്പിടിൽ നിർത്തിക്കോ’ എന്ന് പറയണം എന്നും ഏറ്റുമാനൂർ എസ്എച്ച്ഒ എ.എസ്. അൻസൽ അബ്ദുൽ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന് പിന്നാലെ നിരവധിപേരാണ് ഏറ്റുമാനൂർ പൊലീസിന് അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.