+

ധര്‍മ്മസ്ഥല അന്വേഷണം അട്ടിമറിക്കപ്പെട്ടേക്കും, പ്രത്യേക അന്വേഷണ സംഘം മേധാവിയില്‍ സംശയം ഉന്നയിച്ച് മുന്‍ ഡിവൈഎസ്പി, പല കേസുകളും ഒതുക്കി

കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ ധര്‍മ്മസ്ഥല ഗ്രാമത്തില്‍ സംശയാസ്പദമായ കൂട്ടക്കുഴിമാടം സംബന്ധിച്ച അന്വേഷണം നടത്തുന്ന സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം (എസ്ഐടി) മേധാവിയായ ഐപിഎസ് ഉദ്യോഗസ്ഥന്‍ പ്രണബ് മോഹന്തിയെ മാറ്റണമെന്ന് മുന്‍ കര്‍ണാടക പോലീസ് ഉദ്യോഗസ്ഥയായ അനുപമ ഷേണോയ്.

മംഗലാപുരം: കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ ധര്‍മ്മസ്ഥല ഗ്രാമത്തില്‍ സംശയാസ്പദമായ കൂട്ടക്കുഴിമാടം സംബന്ധിച്ച അന്വേഷണം നടത്തുന്ന സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം (എസ്ഐടി) മേധാവിയായ ഐപിഎസ് ഉദ്യോഗസ്ഥന്‍ പ്രണബ് മോഹന്തിയെ മാറ്റണമെന്ന് മുന്‍ കര്‍ണാടക പോലീസ് ഉദ്യോഗസ്ഥയായ അനുപമ ഷേണോയ്.

മുന്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (ഡിവൈഎസ്പി) ആയ ഷേണോയ്, മോഹന്തി മുന്‍പ് ഈ ജില്ലയില്‍ സൂപ്രണ്ട് ഓഫ് പോലീസ് ആയി സേവനമനുഷ്ഠിച്ചിരുന്നതിനാല്‍ അന്വേഷണത്തിന്റെ നിഷ്പക്ഷതയെ ബാധിച്ചേക്കാമെന്ന് ആരോപിച്ചു.

എസ്ഐടി മേധാവിയായ പ്രണബ് മോഹന്തിയെ മാറ്റി, ഡോ. കെ. രാമചന്ദ്ര റാവു അല്ലെങ്കില്‍ മുന്‍ ഡിജിപി ദയാനന്ദ എന്നിവരെ നിയമിക്കണമെന്ന് ഷേണോയ് സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ഈ ഉദ്യോഗസ്ഥര്‍ പ്രാദേശിക സ്ഥാപനങ്ങളുമായി ബന്ധമില്ലാത്തവരും നിഷ്പക്ഷരുമാണെന്ന് അവര്‍ വാദിച്ചു.

അതേ ജില്ലയുടെ മേധാവിയായിരുന്ന ഉദ്യോഗസ്ഥനെ വീണ്ടും കേസ് അമ്പേഷണ ചുമതല ഏല്‍പ്പിക്കുമ്പോള്‍ സത്യസന്ധമായ അമ്പേഷണം നടന്നേക്കില്ല. പ്രതികളെന്ന് കരുതുന്ന ഉന്നതരായ വ്യക്തികളുമായി അടുത്ത് ബന്ധമുള്ളയാളാണ് ഉദ്യോഗസ്ഥന്‍.

ധര്‍മ്മസ്ഥലയില്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടെ കൂട്ടക്കൊല, ബലാത്സംഗം എന്നിവയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ആണ് അന്വേഷണ പരിധിയിലുള്ളത്. 1995 മുതല്‍ 2014 വരെ ധര്‍മ്മസ്ഥലയില്‍ ജോലി ചെയ്ത ഒരു മുന്‍ ശുചീകരണ തൊഴിലാളി, ലൈംഗികാതിക്രമത്തിന്റെ ഇരയായി ഒട്ടേറെ മൃതദേഹങ്ങള്‍ മറവുചെയ്യാന്‍ താന്‍ നിര്‍ബന്ധിതനായെന്ന് വെളിപ്പെടുത്തിയിരുന്നു.

വെളിപ്പെടുത്തലിന് പിന്നാലെയുണ്ടായ ജനരോഷത്തെ തുടര്‍ന്ന് ഈ മാസം ആദ്യമാണ് സംസ്ഥാന സര്‍ക്കാര്‍ എസ്ഐടി രൂപീകരിച്ചത്. ആഭ്യന്തര സുരക്ഷാ വിഭാഗം ഡിജിപി പ്രണബ് മോഹന്തിയുടെ നേതൃത്വത്തില്‍, ഡിഐജി (റിക്രൂട്ട്മെന്റ്) എം.എന്‍. അനുചേത്, ഡിസിപി (സിറ്റി ആംഡ് റിസര്‍വ്) സൗമ്യലത, ഐപിഎസ് ഉദ്യോഗസ്ഥന്‍ ജിതേന്ദ്ര കുമാര്‍ ദയാമ എന്നിവര്‍ അംഗങ്ങളാണ്.

എസ്ഐടി അന്വേഷണം തീവ്രമാക്കിയിട്ടുണ്ട്. മോഹന്തി ധര്‍മ്മസ്ഥല സന്ദര്‍ശിച്ച് അന്വേഷണ പുരോഗതി വിലയിരുത്തുകയും സ്ഥലപരിശോധന നടത്തുകയും ചെയ്തു. ഫോറന്‍സിക് സര്‍വേകള്‍ ഉടന്‍ ആരംഭിക്കാന്‍ സാധ്യതയുണ്ട്. രണ്ട് ഐപിഎസ് ഉദ്യോഗസ്ഥര്‍ എസ്ഐടിയില്‍ നിന്ന് പിന്മാറാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും, ആഭ്യന്തര മന്ത്രി ഇത് നിഷേധിച്ചു.

മുന്‍ സുപ്രീം കോടതി ജഡ്ജിയും ആക്ടിവിസ്റ്റുകളും സുപ്രീം കോടതിയോ ഹൈക്കോടതിയോ നിരീക്ഷിക്കുന്ന ഒരു എസ്ഐടി അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
 

facebook twitter