+

വിനായകനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട അധ്യാപകന് സസ്പെന്‍ഷന്‍

പാലക്കാട് ചാത്തന്നൂര്‍ ഗവ. സ്‌കൂളിലെ മലയാളം അധ്യാപകന്‍ കെ സി വിപിനെതിരെയാണ് നടപടി.

നടന്‍ വിനായകന് എതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട അധ്യാപകന് സസ്പെന്‍ഷന്‍. പാലക്കാട് ചാത്തന്നൂര്‍ ഗവ. സ്‌കൂളിലെ മലയാളം അധ്യാപകന്‍ കെ സി വിപിനെതിരെയാണ് നടപടി. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു വിനായകനെതിരെ അസഭ്യ വാക്കുകള്‍ ഉള്‍പ്പെടുത്തി ഇയാള്‍ പോസ്റ്റിട്ടത്.

അധ്യാപകര്‍ക്ക് യോജിക്കാത്ത തരത്തില്‍ പരാമര്‍ശം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അധ്യാപകനെതിരെ നടപടിയെന്ന് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ പുറത്തിറക്കിയ സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയ്ക്കും സമൂഹത്തിന് മാതൃകയായി പ്രവര്‍ത്തിക്കേണ്ടയാള്‍ എന്ന നിലയ്ക്കും അധ്യാപകന്റെ ഭാഗത്തുനിന്ന് കടുത്ത അച്ചടക്ക ലംഘനം ഉണ്ടായെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യവുമായി വിനായകന്‍ രംഗത്തെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് വിനായകനെതിരെ അസഭ്യ വാക്കുകള്‍ ഉള്‍പ്പെടുത്തി കെ സി വിപിന്‍ പോസ്റ്റിട്ടത്. ഇതിന് പിന്നാലെ ഇയാള്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ ചാലിശ്ശേരി പൊലീസ് കേസെടുത്തു. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഇതിന് പിന്നാലെയാണ് അധ്യാപകനെതിരെ സസ്പെന്‍ഷന്‍ നടപടിയുണ്ടായത്.

facebook twitter