+

ജോലിക്ക് കയറി വെറും 8 മാസത്തിന് ശേഷം 80 ലക്ഷം രൂപ ബോണസും പ്രമോഷനും

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യാമെന്നത് മാത്രമല്ല കുറഞ്ഞ കാലയളവില്‍ കൂടുതല്‍ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാന്‍ ഗൂഗിളിലെ ജോലി ഏവരും ആഗ്രഹിക്കുന്നു.

ന്യൂഡല്‍ഹി: ടെക് ഭീമനായ ഗൂഗിളില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കാത്ത ടെക്കികളുണ്ടാകില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യാമെന്നത് മാത്രമല്ല കുറഞ്ഞ കാലയളവില്‍ കൂടുതല്‍ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാന്‍ ഗൂഗിളിലെ ജോലി ഏവരും ആഗ്രഹിക്കുന്നു. അടുത്തിടെ ഗൂഗിളില്‍ നിന്നും പുറത്തുപോയ ഒരു ടെക്കി കമ്പനിയിലെ ഉയര്‍ന്ന ആനുകൂല്യത്തെക്കുറിച്ച് വെളിപ്പെടുത്തുകയുണ്ടായി.

മൂന്ന് വര്‍ഷത്തോളം ടെക് ഭീമനോടൊപ്പം ജോലി ചെയ്ത സാന്‍ഫ്രാന്‍സിസ്‌കോ സ്വദേശിയായ ജെറി ലീ, ഗൂഗിളില്‍ സ്ട്രാറ്റജിസ്റ്റായി ചേര്‍ന്നപ്പോള്‍, തന്റെ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു താനെന്നും, സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ ഒരു ബാധ്യതയായാണ് കരുതിയിരുന്നതെന്നും പറയുന്നു.

ജോലിക്ക് ചേര്‍ന്ന് വെറും രണ്ട് മാസത്തിനുള്ളില്‍ ഒരു ടീമിനെ നയിക്കുകയും തൊട്ടുപിന്നാലെ പ്രമോഷനും ബോണസും നേടുകയും ചെയ്താണ് ജെറി അതിശയിപ്പിച്ചത്. 95,000 ഡോളര്‍ (ഏകദേശം 80 ലക്ഷം രൂപ) ജോലിക്ക് കയറി എട്ട് മാസത്തിന് ശേഷം ബോണസായി ജെറി സ്വന്തമാക്കി.

ഗൂഗിളിലെ എന്റെ ആദ്യ രണ്ട് മാസങ്ങള്‍ വിചിത്രമായിരുന്നെന്ന് ജെറി പറയുന്നു. കാര്യമായ സംഭാവനകള്‍ നല്‍കാന്‍ കഴിയാത്ത ഒരു കുട്ടി മാത്രമാണെന്ന് താനെന്നാണ് സഹപ്രവര്‍ത്തകര്‍ക്ക് തോന്നിയത്. അതുകൊണ്ടുതന്നെ കാര്യമായ ജോലിയൊന്നും നല്‍കിയില്ല.

രണ്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ഒന്നും ചെയ്യാത്തതില്‍ അയാള്‍ക്ക് ബോറടിച്ചു. എങ്ങനെയെങ്കിലും തന്റെ കഴിവ് തെളിയിക്കണമെന്ന് അദ്ദേഹത്തിന് തോന്നി. പ്രോജക്റ്റുകള്‍ക്കായി സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരുന്നു. ഒടുവില്‍, മാനേജര്‍ കനിഞ്ഞു. മാര്‍ക്കറ്റ് ലാന്‍ഡ്സ്‌കേപ്പ് വിശകലനമാണ് ജെറിക്ക് നല്‍കിയത്. ടീം കണ്ടെത്തിയിട്ടില്ലാത്ത ഒരു പ്രധാന പഴുത് കണ്ടെത്തുകയും ചെയ്തു.

രണ്ട് പ്രോജക്ട് മാനേജര്‍മാര്‍, ആറ് എഞ്ചിനീയര്‍മാര്‍, അഞ്ച് അനലിസ്റ്റുകള്‍, ഓപ്പറേഷന്‍, ലീഗല്‍ ഡിപ്പാര്‍ട്ട്മെന്റുകളിലെ മറ്റ് ജീവനക്കാര്‍ എന്നിവരുമായി ചേര്‍ന്ന് ഒരു പ്രോജക്റ്റ് നയിക്കാന്‍ ജെറി യോഗ്യത നേടിയത് പെട്ടെന്നാണ്. ഗൂഗിളില്‍ ചേര്‍ന്ന് എട്ട് മാസത്തിന് ശേഷം വമ്പന്‍ ബോണസും ലഭിച്ചു.

ഇത്രയും പണം ലഭിച്ചതോടെ അത്ഭുതപ്പെട്ടുപേയി. എന്റെ വിദ്യാഭ്യാസ വായ്പകള്‍ വേഗത്തില്‍ അടയ്ക്കാനും മാതാപിതാക്കള്‍ക്ക് ഗംഭീരമായ ഒരു അവധിക്കാലം നല്‍കാനും സാധിച്ചു. അവസരങ്ങള്‍ക്കായി കാത്തിരിക്കരുതെന്നാണ് ജെറി തന്റെ അനുഭവത്തിലൂടെ പ്രൊഫഷണലുകളെ ഉപദേശിക്കുന്നത്.

facebook twitter