+

രുചിയൂറും ഇഞ്ചിക്കറി അഥവാ ഇഞ്ചിപ്പുളി

രുചിയൂറും ഇഞ്ചിക്കറി അഥവാ ഇഞ്ചിപ്പുളി
ആവശ്യമുള്ള സാധനങ്ങള്‍

പുളി – അരക്കിലോ
ഇഞ്ചി – 150 ഗ്രാം
പച്ചമുളക്/കാന്താരിമുളക് – 150 ഗ്രാം
മുളകുപൊടി – 3 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – ഒന്നര ടീസ്പൂണ്‍
കായം പൊടി – 2 ടീസ്പൂണ്‍
ശര്‍ക്കര – ആവശ്യത്തിന് (പുളിയിഞ്ചിക്ക് നല്ല മധുരമുള്ളത് ഇഷ്ടമാണെങ്കില്‍ കാല്‍ക്കിലോ മുതല്‍ അരക്കിലോ വരെ ചേര്‍ക്കാം. മധുരം കുറവു മതിയെങ്കില്‍ വളരെ കുറച്ചുമാത്രം ചേര്‍ത്താല്‍ മതി).
ഉലുവാപ്പൊടി – 3 റ്റീസ്പൂണ്‍
ഉപ്പ് – പാകത്തിന്
വറുത്തിടാനുള്ള കടുക്, മുളക്, കറിവേപ്പില, വെളിച്ചെണ്ണ.
(അളവുകളെല്ലാം ഏകദേശ കണക്കാണ്. ഇത്ര കൃത്യമായിത്തന്നെ എടുക്കണമെന്നില്ല)

ഉണ്ടാക്കുന്ന വിധം

പുളി കുതിര്‍ത്ത് ചാറു മുഴുവന്‍ പിഴിഞ്ഞെടുത്ത ശേഷം വെള്ളത്തില്‍ കലക്കി അരിച്ചെടുത്തു വയ്ക്കുക.
ഇഞ്ചിയും പച്ചമുളകും പൊടിയായി അരിയുക.
ഇനി നല്ല കട്ടിയുള്ള ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുകും മുളകും കറിവേപ്പിലയും മൂപ്പിച്ചശേഷം ഇതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന ഇഞ്ചിയും പച്ചമുളകും ചേര്‍ത്തിളക്കുക. (വെളിച്ചെണ്ണ പോരെങ്കില്‍ കുറച്ചുകൂടി ഒഴിക്കാം). വേണമെങ്കില്‍ സ്വല്പം ഉഴുന്നുപരിപ്പും ഉലുവയുമൊക്കെ ചേര്‍ക്കാം. നല്ല ബ്രൗണ്‍ നിറമാകുന്നതുവരെ തുടര്‍ച്ചയായി ഇളക്കണം. 

ഇതിലേക്ക് പുളിവെള്ളം ഒഴിച്ചിളക്കുക. പാകത്തിന് ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, കായം എന്നിവയും ചേര്‍ക്കുക. ഇനി അതവിടെക്കിടന്ന് തിളച്ച് കുറുകട്ടെ. ഇടയ്ക്കൊന്ന് ഇളക്കിക്കൊടുത്താൽ മതി. പുളി ധാരാളം വെള്ളത്തില്‍ കലക്കി, ചെറുതീയില്‍, ഏറെസമയമെടുത്ത് കുറുകുന്നതാണ് സ്വാദ്. 

കല്‍ച്ചട്ടിയാണ് ഇതിനു പറ്റിയത്.കുറുകാന്‍ തുടങ്ങുമ്പോള്‍ ശര്‍ക്കര ചേര്‍ത്ത് അലിയിക്കുക. (കരടുണ്ടാവാന്‍ സാധ്യതയുള്ള ശര്‍ക്കരയാണെങ്കില്‍ കുറച്ചുവെള്ളത്തില്‍ ഉരുക്കി അരിച്ചെടുത്ത ശേഷം ചേര്‍ക്കുന്നതായിരിക്കും നല്ലത്). ശര്‍ക്കര കുറേശ്ശെയായി ചേര്‍ത്ത് മധുരം നിങ്ങളുടെ പാകത്തിന് ക്രമീകരിക്കുക.
എല്ലാം‌കൂടി യോജിച്ച് കുറുകാന്‍ തുടങ്ങിയാല്‍ വാങ്ങിവയ്ക്കാം. വല്ലാതെ കുറുകാന്‍ നില്‍ക്കേണ്ട. കാരണം ഇത് തണുക്കുന്തോറും കുറച്ചുകൂടി കട്ടിയാവും.

ചൂടൊന്നാറിയശേഷം ഉലുവാപ്പൊടികൂടി ചേര്‍ത്തിളക്കിക്കഴിഞ്ഞാല്‍ പുളിയിഞ്ചി റെഡി.തണുക്കുന്തോറും സ്വാദ് കൂടുമെന്നതുകൊണ്ട് രണ്ടുദിവസം കഴിഞ്ഞിട്ട് ഉപയോഗിക്കുന്നതാണ് നല്ലത്. പുളിയിഞ്ചി സദ്യകള്‍ക്കു മാത്രമേ ഉണ്ടാക്കാവൂ എന്നൊന്നുമില്ലാ‍ട്ടോ. സംഗതി ഫ്രിഡ്ജില്‍ സ്റ്റോക്കുണ്ടെങ്കില്‍ വലിയ ഉപകാരമാണ്. ഊണിനു പ്രത്യേകിച്ച് കറികളൊന്നും ഇല്ലാത്ത ദിവസം ഇതു തൈരും കൂട്ടി ശാപ്പിടാം.പുളിയിഞ്ചിയും വച്ച് ഒരുഗ്രന്‍ പരിപാടിയുണ്ട്. എന്താണെന്നോ..വറുത്ത പപ്പടക്കഷ്ണങ്ങള്‍ പുളിയിഞ്ചിയില്‍ മുക്കി അകത്താക്കുക.
 

facebook twitter