+

ദിവസവും രാവിലെ ഇളനീർ കഴിക്കുന്നത് പതിവാക്കാം

ദിവസവും രാവിലെ ഇളനീർ കഴിക്കുന്നത് പതിവാക്കാം

 

രാവിലെ ഉണര്‍ന്നയുടന്‍ തന്നെ ഒരു കപ്പ് ചൂട് കാപ്പിയിലേക്കോ ചായയിലേക്കോ ആര്‍ത്തിയോടെ ഓടുന്നവരാണ് നമ്മളില്‍ അധികപേരും. എന്നാല്‍ രാവിലെ ഉണര്‍ന്നയുടന്‍ ഒരു ഗ്ലാസ് വെള്ളത്തോടെ തുടങ്ങുന്നതാണ് എപ്പോഴും ഉചിതം. ചിലര്‍ രാവിലെ വെറും വെള്ളത്തിന് പകരം മഞ്ഞള്‍ കലര്‍ത്തിയ വെള്ളം, ഇളം ചൂടുവെള്ളം എന്നിവ കഴിച്ച് ശരീരത്തിന് ഗുണകരമാകുന്ന രീതിയിലെല്ലാം ദിവസം തുടങ്ങാറുണ്ട്. 

ഇതെല്ലാം നല്ലത് തന്നെ. എന്നാല്‍ രാവിലെ ആദ്യം തന്നെ ഒരിളനീര്‍   ആയാലോ! മിക്കവരും അത് നടന്നത് തന്നെ എന്നായിരിക്കും ആദ്യം ചിന്തിക്കുക. ഡയറ്റില്‍ അല്‍പമെങ്കിലും ശ്രദ്ധയുള്ളവര്‍ക്ക്, അത് നഗരങ്ങളിലാണെങ്കില്‍ പോലും ഇത് ചെയ്യാവുന്നതേയുള്ളൂ. 

രാവിലെ ആദ്യം കഴിക്കുന്ന ഭക്ഷണമായി ഇളനീര്‍ മാറുമ്പോള്‍ അത് ആരോഗ്യത്തില്‍ പല മാറ്റങ്ങളും കൊണ്ടുവരുമെന്നാണ് പ്രമുഖ സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് ലവ്നീത് ബത്ര പറയുന്നത്. 

രാവിലെ എന്നത് ഏറെ പ്രാധാന്യമുള്ളൊരു സമയമാണ്. രാവിലെ നാം എന്ത് കഴിക്കുന്നു എന്നത് പിന്നീടുള്ള ആകെ ദിവസത്തെ തന്നെ നല്ലരീതിയില്‍ സ്വാധീനിക്കുന്നുണ്ട്. ഇളനീര്‍ കഴിക്കുന്നത് പ്രധാനമായും ശരീരത്തില്‍ ജലാംശം പിടിച്ചുനിര്‍ത്തുന്നതിനാണ് സഹായകമാകുന്നത്. സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം പോലുള്ള ഇലക്ട്രോലൈറ്റുകളാണ് ഇതിന് സഹായകമാകുന്നത്. പിഎച്ച് ബാലന്‍സ് നിയന്ത്രിക്കാൻ ഇവ സഹായിക്കുന്നു.- ലവ്നീത് ബത്ര പറയുന്നു. 

ബ്രേക്ക്ഫാസ്റ്റ് ആയി തന്നെ ഇളനീര്‍ കഴിക്കാവുന്നതാണെന്നാണ് ലവ്നീത് നിര്‍ദേശിക്കുന്നത്. ചര്‍മ്മത്തിനും വലിയ രീതിയിലുള്ള മാറ്റങ്ങള്‍ ഈ ശീലത്തോടെ കാണാമെന്നും ഇവര്‍ പറയുന്നു. ചര്‍മ്മം തിളങ്ങുന്നതാകാൻ ഈ ശീലം സഹായിക്കുമത്രേ. ഇളനീരിലുള്ള വൈറ്റമിന്‍-സിയാണ് ഇതിന് സഹായകമാകുന്നത്. 

അതുപോലെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ വരാതെ കാക്കാനും ഇളനീര്‍  സഹായകമാണത്രേ. ഈസ്ട്രജൻ ഹോര്‍മോമ്‍ വര്‍ധിപ്പിക്കാൻ ഇതിന് സാധിക്കും. ആര്‍ത്തവവിരാമത്തോട് അടുത്ത് നില്‍ക്കുന്ന സ്ത്രീകള്‍ ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നേരിടുന്നുവെങ്കില്‍ അവര്‍ക്കും ഇത് പതിവായി കഴിക്കുന്നത് മൂലം ഗുണമുണ്ടാകാം. 

ഇളനീര്‍ കാമ്പ് കഴിക്കുമ്പോഴാണെങ്കില്‍ അത് ഫൈബറിനാല്‍ സമ്പന്നമായതിനാല്‍ തന്നെ മലബന്ധം തടയാനും ദഹനം സുഗമമായി പോകാനും വയര്‍ എല്ലായ്പോഴും 'റിലാക്സ്' ആയിരിക്കാനുമെല്ലാം സഹായിക്കുന്നുവെന്നും ലവ്നീത് പറയുന്നു. നമുക്ക് ദിവസം മുഴുവൻ ഊര്‍ജ്ജം പകര്‍ന്നുതരാൻ പോലും ആ ഇളനീരിനാകുമെന്നും ലവ്നീത് പറയുന്നു. 

facebook twitter