യുഎസ് റിയാലിറ്റി ഷോ താരം ഗാര്‍ഹിക പീഡനക്കേസില്‍ അറസ്റ്റില്‍. ലവ് ഐലന്‍ഡ്, ദി ചാലഞ്ച്: യുഎസ് എന്നീ റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ കാഷെല്‍ ബാര്‍നെറ്റാണ് അറസ്റ്റിലായത്. യുഎസ് സംസ്ഥാനമായ യൂടായിലെ സോള്‍ട്ട് ലേക്ക് സിറ്റി പൊലീസ് തിങ്കളാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
തന്റെ മുന്‍ കാമുകിയെ ഒരു വയസ്സുള്ള മകളുടെ മുന്നില്‍ വെച്ച് കഴുത്തു ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റ്. സാള്‍ട്ട് ലേക്ക് സിറ്റി ജില്ലാ അറ്റോര്‍ണി പ്രതിക്കെതിരെ നിരവധി കുറ്റങ്ങള്‍ ചുമത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏപ്രില്‍ 10-നാണ് താന്‍ ആക്രമിക്കപ്പെട്ടതെന്ന് യുവതി പറഞ്ഞു. കാഷല്‍ കീഴടങ്ങിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായി അഭിഭാഷകര്‍ വ്യക്തമാക്കി. കാഷെലിന്റെ ജാമ്യാപേക്ഷയില്‍ ഉടന്‍ വാദം നടക്കും. ഇതിന് ശേഷം മറ്റുകാര്യങ്ങള്‍ പ്രതികരിക്കാമെന്നും അഭിഭാഷകന്‍ പറഞ്ഞു.
വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. നിലവില്‍ ജാമ്യമില്ലാതെ സാള്‍ട്ട് ലേക്ക് സിറ്റി ജയിലില്‍ കഴിയുകയാണ് കാഷെല്‍ എന്ന് യുഎസ് മാധ്യമമായ ടിഎംസി റിപ്പോര്‍ട്ട് ചെയ്തു. താരത്തിനെതിരെ ഗുരുതരമായ ആക്രമണം, കുട്ടിയുടെ സാന്നിധ്യത്തില്‍ ഗാര്‍ഹിക പീഡനം എന്നിവയ്ക്കുള്ള കേസുകള്‍ ചുമത്തിയിട്ടുണ്ട്. 2019-ല്‍ സംപ്രേക്ഷണം ചെയ്ത ലവ് ഐലന്‍ഡ്, 2022-ലെ ദി ചാലഞ്ച്: യുഎസ്എ എന്നീ റിയാലിറ്റി ഷോകളിലൂടെയാണ് കാഷെല്‍ ബാര്‍നെറ്റ് ശ്രദ്ധേയനായത്.