മലയാള സിനിമ ഇൻഡസ്ട്രിയിൽ ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ് ദുൽഖർ സൽമാൻ നിർമിച്ച ലോക. ആഗോളതലത്തിൽ 300 കോടിയിലധികം രൂപയാണ് ഇതുവരെ ചിത്രം നേടിയത്. കൂടാതെ നിരവധി റെക്കോർഡുകൾ തകർത്തുകൊണ്ടാണ് ഈ സിനിമ മുന്നേറികൊണ്ടിരുന്നത്. ഇപ്പോഴിതാ പുറത്തിറങ്ങി 50 ദിവസത്തിൽ കൂടുതൽ കഴിയുമ്പോഴും തിയേറ്ററിൽ മികച്ച കളക്ഷൻ ആണ് സിനിമയ്ക്ക് അനുഭവപ്പെടുന്നത്.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ തിരക്ക് മൂലം കൊച്ചിയിലെ പിവിആർ സിനിമാസ് ഒരു എക്സ്ട്രാ ഷോ സംഘടിപ്പിച്ചിരുന്നു. മികച്ച തിരക്കാണ് സിനിമയ്ക്ക് എല്ലായിടത്തും അനുഭവപ്പെടുന്നത്. എക്സ്ട്രാ ഷോയിലും പ്രേക്ഷകർ നിറയുന്ന കാഴ്ചയാണുണ്ടാകുന്നത്. ഒടിടിയിൽ എത്തും മുൻപ് സിനിമ വലിയ നേട്ടം തന്നെ ഉണ്ടാക്കുമെന്നാണ് കണക്കുകൂട്ടൽ. സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു ടീസർ സ്ട്രീമിങ് പ്ലാറ്റ്ഫോം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ചിത്രം അധികം വൈകാതെ ഒടിടിയിലേക്ക് എത്തുമെന്നാണ് വിവരം. സ്ട്രീമിങ് തീയതി ഹോട്ട്സ്റ്റാർ പുറത്തുവിട്ടിട്ടില്ല. മലയാളം ഇൻഡസ്ട്രി ഹിറ്റ്, ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഡബ്ബ് ചിത്രം, തെലുങ്കിൽ ഏറ്റവും ഉയർന്ന കളക്ഷൻ, ആഗോളതലത്തിൽ ഏറ്റവും കൂടുതൽ മാർക്കറ്റ് ഷെയർ, ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ റെക്കോർഡ്, ഏറ്റവും കൂടുതൽ ആളുകൾ തിയേറ്ററിൽ എത്തിയ റെക്കോർഡ്, ആദ്യ 300 കോടി നേടിയ മലയാള ചിത്രം എന്നിങ്ങനെ നിരവധി റെക്കോർഡുകളാണ് ലോക നേടിയിരിക്കുന്നത്.
കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ തിയേറ്ററിൽ കണ്ട നാലാമത്തെ സിനിമയായി മാറിയിരിക്കുകയാണ് ലോക. 1.18 കോടി ജനങ്ങളാണ് ചിത്രം ഇതുവരെ തിയേറ്ററിൽ കണ്ടത്.