തളിപ്പറമ്പ: അസംതൃപ്തരായ മിനിസ്റ്റീരിയൽ സ്റ്റാഫിൻ്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കാൻ യു.ഡി.എഫ് പ്രതിജ്ഞാബദ്ധമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ.
നിലവിലുള്ള സർക്കാരിന് ഈ പ്രശ്നങ്ങളൊന്നും പരിഹരിക്കാനാകില്ലെന്ന് തെളിയിച്ചിരിക്കുകയാണ്. ഇനിയധികം കാത്തിരിക്കേണ്ടി വരില്ല. യു.ഡി.എഫ് അധികാരത്തിൽ വരുന്നതോടെ എല്ലാ വിഷയങ്ങൾക്കും പരിഹാരമുണ്ടാക്കുമെന്നും തങ്ങൾ പറഞ്ഞു.
കേരള എയ്ഡഡ് കോളേജ് മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം തളിപ്പറമ്പ് സർസയ്യിദ് കോളജിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മിനിസ്റ്റീരിയൽ സ്റ്റാഫ് മുഴുവൻ അസംതൃപ്തരാണ്. അവരുടെ ആവശ്യങ്ങൾ മനസിലാക്കാൻ സർക്കാർ സംവിധാനങ്ങൾ ശ്രമിക്കുന്നില്ല. അവർക്ക് അത് പരിഹരിക്കാനും സാധിക്കില്ല. ഇവിടെ ഒരു ഭരണം ഉണ്ടോ എന്ന് മഷിയിട്ട് നോക്കേണ്ട അവസ്ഥയാണ്.
മികവ് ഏതു രംഗത്തുമില്ല. മികച്ച ഒരു നേതൃത്വത്തിൻ്റെ അഭാവം മുഴച്ചു നിൽക്കുകയാണ്. ഒരു വിദ്യാർത്ഥിയുടെ കഴിവ് എങ്ങിനെ രാഷ്ട്രത്തിനും സമൂഹത്തിനും വേണ്ടി പ്രയോജനപ്പെടുത്താം എന്നാണ് ചിന്തിക്കേണ്ടത്.
ഇന്ന് കഴിവുള്ള ഒരു വ്യക്തിയും ഒരു രാജ്യത്തിൻ്റെ മാത്രമല്ല ലോകത്തിനാകെ അവകാശപ്പെട്ടതാണ് എന്ന നിലയിലാണ് കാണുന്നത്. ആ രീതിയിൽ കേരളത്തിലെ വിദ്യാഭ്യാസ രീതികൾ മാറ്റം ഉണ്ടാകേണ്ടിയിരിക്കുന്നു. യു.ഡി.എഫിന് അതുമായി ബന്ധപ്പെട്ട് വ്യക്തമായ കാഴ്ച്ചപ്പാട് ഉണ്ട്. ഒരുപാട് പരിഷ്കാരങ്ങൾ നടപ്പിലാക്കേണ്ടിയിരിക്കുന്നു. അതിന് മിനിസ്റ്റീരിയൽ സ്റ്റാഫിൻ്റെ സേവനം അനിവാര്യമാണ്. മിനിസ്റ്റീരിയൽ സ്റ്റാഫിൻ്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കാൻ യു.ഡി.എഫ് പ്രതിജ്ഞാബദ്ധമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
ഉദ്ഘാന സമ്മേളനത്തിൽ പി.കെ ബഷീർ എം.എൽ.എ അധ്യക്ഷത വഹിച്ചു. സ്ഥാപന സമ്മേളനം സൈനുൽ ആബിദീൻ സഫാരി ഉദ്ഘാടനം ചെയ്തു.
കണ്ണിയൻ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഇക്ബാൽ കോയിപ്ര, വി.കെ നജീബ് സംസാരിച്ചു.