വ്യാജ ലോട്ടറി ടിക്കറ്റുകള്‍ നല്‍കി ലോട്ടറി വില്‍പനക്കാരനെ പറ്റിച്ച് 3600 രൂപയുടെ ലോട്ടറികളും പണവും തട്ടിയെടുത്തതായി പരാതി

12:05 PM Aug 14, 2025 | AVANI MV

തൃശൂര്‍: വ്യാജ ലോട്ടറി ടിക്കറ്റുകള്‍ നല്‍കി ലോട്ടറി വില്‍പനക്കാരനെ പറ്റിച്ച് 3600 രൂപയുടെ ലോട്ടറികളും പണവും തട്ടിയെടുത്തതായി പരാതി. സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ നമ്പറുകളിലുള്ള എട്ട് വ്യാജ ടിക്കറ്റുകള്‍ നല്‍കിയായിരുന്നു തട്ടിപ്പ്. ഷൊര്‍ണൂരില്‍ വാടകയ്ക്കു താമസിക്കുന്ന എ.കെ. വിനോദ്കുമാര്‍ (60) ആണ് തട്ടിപ്പിന് ഇരയായത്. 

മെറ്റല്‍ ഇന്‍ഡസ്ട്രീസിന് സമീപം വെച്ച് മാസ്‌ക് ധരിച്ച് സ്‌കൂട്ടറില്‍ എത്തിയയാള്‍ കയ്യിലുണ്ടായിരുന്ന ഭാഗ്യതാര ടിക്കറ്റുകള്‍ക്ക് സമ്മാനം ഉണ്ടെന്നും പണം നല്‍കണമെന്നും ആവശ്യപ്പെടുകയായിരുന്നു. 12 ടിക്കറ്റുകള്‍ അടങ്ങിയ ഒരു സെറ്റ് ലോട്ടറി കാണിച്ചു. സമ്മാനത്തുകയായ 6000 രൂപ നല്‍കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ അത്രയും പണം വിനോദിന്റെ കയ്യില്‍ ഉണ്ടായിരുന്നില്ല. ഇതോടെ നാല് ടിക്കറ്റുകള്‍ വിനോദ് കുമാര്‍ വന്നയാള്‍ക്ക് തിരിച്ചു നല്‍കി. 350 രൂപയും ബാക്കി തുകയ്ക്ക് ടിക്കറ്റും നല്‍കി.ഫലം പരിശോധിച്ചപ്പോഴാണ് വ്യാജ ടിക്കറ്റുകളാണെന്ന് തിരിച്ചറിഞ്ഞത്. സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന വിനോദ്കുമാറിന്റെ ഏക വരുമാനമാര്‍ഗമാണു ടിക്കറ്റ് വില്‍പന.

Trending :