കൽപ്പറ്റ: വിദേശ ജോലി വാഗ്ദാനം ചെയ്ത് കൽപ്പറ്റ സ്വദേശിനിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ നൈജീരിയൻ സ്വദേശിക്ക് 12 വർഷം തടവും 17 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഇക്കെണ്ണ മോസസ് (28)നെയാണ് കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജഡ്ജ് എ.ബി. അനൂപ് ശിക്ഷിച്ചത്. ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് ചതിച്ചതിന് അഞ്ചു വർഷം, കാനഡ എംബസിയുടെ വ്യാജ വിസയടക്കമുള്ള രേഖകൾ നിർമ്മിച്ചതിന് അഞ്ചു വർഷം, വ്യാജ രേഖകൾ അസ്സൽ ആണ് എന്ന് തെറ്റിദ്ധരിപ്പിച്ച് പരാതിക്കാരിക്ക് അയച്ച് നൽകിയതിന് രണ്ട് വർഷം എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പിഴയായി വിധിച്ച പണം പരാതിക്കാരിക്ക് നൽകാനും തടവ് ശിക്ഷ ഒരുമിച്ചു അനുഭവിച്ചാൽ മതിയെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം 2023 ഡിസംബറിൽ ബെംഗളൂരുവിൽ നിന്നും വയനാട് സൈബർ പൊലീസ് ഇൻസ്പെക്ടർ ഷജു ജോസഫും സംഘവുമാണ് പ്രതിയെ പിടികൂടിയത്. ജാമ്യത്തിനായി പ്രതി ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ജാമ്യം നിഷേധിച്ച് വിചാരണ തുടരാൻ ഉത്തരവിടുകയായിരുന്നു. കൽപ്പറ്റ സ്വദേശിയായ യുവതിക്ക് കാനഡയിൽ മെഡിക്കൽ കോഡർ ജോലി നൽകാമെന്ന് വാഗ്ദാനം നൽകി കാനഡ, യുകെ രാജ്യങ്ങളുടെ മൊബൈൽ നമ്പർ വഴി ബന്ധപ്പെട്ട് 18 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്.