ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കി. അടിമാലി ചാറ്റുപാറ ചിറമുഖത്ത് പത്രോസ് (72) ആണ് ഭാര്യ സാറാമ്മയെ വെട്ടി പരിക്കേൽപ്പിച്ചിട്ട് വീടിനുള്ളിൽ ആത്മഹത്യചെയ്തത്. ഇടുക്കി: ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കി. അടിമാലി ചാറ്റുപാറ ചിറമുഖത്ത് പത്രോസ് (72) ആണ് ഭാര്യ സാറാമ്മയെ വെട്ടി പരിക്കേൽപ്പിച്ചിട്ട് വീടിനുള്ളിൽ ആത്മഹത്യചെയ്തത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ഇരുവരും ചാറ്റുപാറക്ക് സമീപമുള്ള സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു. ജോലിക്ക് എത്തുന്ന സമയം കഴിഞ്ഞിട്ടും ഇവരെ കാണാത്തതിനെത്തുടർന്ന് സ്ഥാപനം ഉടമ അന്വേഷിച്ച് വീട്ടിൽ എത്തിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്.
സാറാമ്മയുടെ കഴുത്തിനും തലയ്ക്കും വെട്ടേറ്റിട്ടുണ്ട്. പത്രോസിനെ വീട്ടിൽ ജീവനൊടുക്കിയ നിലയിലും കണ്ടെത്തി. നാട്ടുകാരെയും പോലീസിനെയും വിവരം അറിയിച്ചു. സാറാമ്മയെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. സാറാമ്മയുടെ പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതർ അറിയച്ചു. കുടുംബകലഹമാണ് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വെട്ടേറ്റ് സാറാമ്മ മരിച്ചുവെന്ന് കരുതിയാകാം പത്രോസ് ജീവനൊടുക്കിയതെന്നാണ് പോലീസ് പറയുന്നത്. പത്രോസും സാറാമ്മയും തനിച്ചാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. പത്രോസിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി. സാറാമ്മ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മക്കൾ: ബെന്നി, ലാലി. മരുമക്കൾ: യോഹന്നാൻ, ആനി. സംസ്കാരം മച്ചിപ്ലാവ് സെയ്ന്റ് ജോർജ് യാക്കോബായ പള്ളിയിൽ നടത്തി.