ഒരു മനുഷ്യന്റെ സുപ്രധാന തിരിച്ചറിയൽ രേഖയാണ് വിരലടയാളം. സിനിമകളിലും മറ്റും തെളിയിക്കപ്പെടാതെ കിടക്കുന്ന പല കേസുകളും
വിരലടയാളം വച്ച് തെളിയിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും.
വിരലടയാളം കൊണ്ട് ഓരോ വ്യക്തിയെയും തിരിച്ചറിയാൻ കഴിയുമെന്നതാണ് അതിന്റെ കാരണം. ഒരു വ്യക്തിയുടെ വിരലടയാളം ലോകത്ത് മറ്റാർക്കും ഉണ്ടാകില്ല എന്നതും ഒരു വാസ്തവമാണ്. ജനനം മുതൽ മരണം വരെ ഒരു വ്യക്തിയുടെ വിരലുകൾ വലുതായാലും വണ്ണം വച്ചാലും വിരലടയാളം മാറില്ലെന്നതാണ് മറ്റൊരു പ്രത്യേകത.
വർഷങ്ങളായി ഔദ്യോഗിക രേഖകളിൽ ഒരാളെ തിരിച്ചറിയാൻ പലപ്പോഴും വിരലടയാളം ഉപയോഗിക്കാറുണ്ട്, പക്ഷേ നിങ്ങളുടെ കൈയിൽ ഒരടയാളവും ഇല്ലെങ്കിൽ എന്തുചെയ്യും? അതെ, വിരലടയാളം ഒട്ടും ഇല്ലാത്ത ഒരു കുടുംബം ഉണ്ട് അങ്ങ് ബംഗ്ലാദേശിൽ. ഈ കുടുംബത്തിൽ വിരലടയാളമില്ലാത്ത മൂന്ന് തലമുറ പുരുഷന്മാരുണ്ട്.
ബംഗ്ലാദേശിലെ വടക്കൻ ജില്ലയിലുള്ള ഗ്രാമത്തിൽ താമസിക്കുന്ന ഒരു കുടുംബത്തിലെ പുരുഷൻമാരുടെ കൈകൾ ആണ് വിചിത്രം.
ഇവർക്ക് ജന്മനാ വിരലടയാളങ്ങൾ ഇല്ല...! ലോകമെമ്പാടുമുള്ള ബയോമെട്രിക് ഡാറ്റ ശേഖരണത്തിൽ നിന്നും ഈ പുരുഷൻമാർ മാറി നിൽക്കുകയാണ്. വോട്ടർ ഐഡിയിൽ പേര് രേഖപ്പെടുത്താനും, പാസ്പോർട്ടുകൾ എടുക്കാനും, എന്തിന് സ്വന്തം പേരിൽ ഒരു സിം കാർഡ് എടുക്കാനോ ഇവർക്ക് സാധിക്കുന്നില്ല.
വിരലടയാളം ഇല്ലാത്ത ബംഗ്ലാദേശിലെ ഈ കുടുംബത്തിലെ മൂന്ന് തലമുറയിലെ പുരുഷൻമാരും ഇങ്ങനെയാണ്. ആർക്കും വിരലടയാളം ഇല്ല. ഇത് കുടുംബത്തിലെ ജനിതകമാറ്റം ആയാണ് വിലയിരുത്തപ്പെടുന്നത്." അഡെർമറ്റോഗ്ലീഫിയ " എന്ന ജനിതകത്തകരാറാണിത് എന്നാണ് പറയപ്പെടുന്നത് .ജന്മനാ കൈകളിൽ രേഖകൾ ഇല്ലാത്ത അവസ്ഥ. മിനുസമായ ചർമം മാത്രം.ഈ അവസ്ഥ കാരണം നിരവധി ബുദ്ധിമുട്ടുകൾ ആണ് ഈ കുടുംബം അനുഭവിക്കുന്നത്.
കാൽ വിരലുകൾ, കൈപ്പത്തികൾ കാലുകളുടെ വിരലുകൾ എന്നിവയിൽ ഒന്നും അടയാളങ്ങൾ ഇല്ല. തിരിച്ചറിയാൻ വിരലടയാളം ആവശ്യമുള്ള രാജ്യങ്ങളിൽ പ്രവേശിക്കാൻ ഇവർക്ക് സാധിക്കാത്തത് വലിയ വെല്ലുവിളിയാണ്. 2008 ൽ ബംഗ്ലാദേശിൽ മുതിർന്ന
പൗരൻമാർക്കായി ദേശീയ ഐഡി കാർഡുകൾ അവതരിപ്പിച്ചപ്പോൾ വിരലടയാളം ആവശ്യമായിരുന്നു. എന്നാൽ അന്ന് ഈ കുടുംബത്തിലെ മുതിർന്ന വ്യക്തിക്ക് "NO FINGERPRINT" എന്ന് സ്റ്റാമ്പ് ചെയ്ത ഒരു കാർഡാണ് അധികൃതർ നൽകിയത്.
2010 ൽ പാസ്പോർട്ടുകൾക്കും ഡ്രൈവിംഗ് ലൈസൻസുകൾക്കും വിരലടയാളം നിർബന്ധമായപ്പോൾ നിരവധി പ്രശ്നങ്ങളാണ് ഈ കുടുംബത്തിലെ മറ്റു പുരുഷന്മാരും നേരിടേണ്ടി വന്നത്. മെഡിക്കൽ ബോർഡിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങിയാണ് വിരലടയാളം ഇല്ലാത്ത ഇവർ ആവശ്യങ്ങൾ നിറവേറ്റുന്നത്.
വിരലടയാളം നൽകാൻ കഴിയാത്തതിനാൽ ഈ കുടുംബത്തിലെ ഒരു അംഗം ഇതുവരെ ഡ്രൈവിംഗ് ലൈസൻസ് എടുത്തിട്ടില്ല. വാഹനം ഓടിക്കുമ്പോൾ പലപ്പോഴും ചെക്കിങ്ങിൽ ലൈസൻസ് ചോദിച്ച് പോലീസ് പൊക്കും. എന്നാൽ തന്റെ അവസ്ഥ പറഞ്ഞാൽ അവർ മനസ്സിലാക്കില്ലെന്നും
പിഴ അടച്ചാണ് രക്ഷപ്പെടുന്നതെന്നും അവർ പറയുന്നു. സ്വന്തം പേരിൽ ഒരു സിം കാർഡ് എടുക്കാൻ സാധിക്കാത്ത ഇവർ വീട്ടിലുള്ള സ്ത്രീകളുടെ പേരിലാണ് സിം കാർഡുകൾ എടുക്കുന്നത്.
ഈ കുടുംബത്തിലെ പുരുഷൻമാർക്ക് പലപ്പോഴും രണ്ട് വർഷം കാത്തിരുന്നാണ് പാസ്പോർട്ട് ലഭിക്കുന്നത്. ഹാജരാക്കാൻ പറയുന്ന എല്ലാ രേഖകളും ഹാജരാക്കും. പിന്നീട് എല്ലാ അന്വേഷണത്തിനും ഒടുവിലാണ് പാസ്പോർട്ട് കിട്ടുന്നത്. ഇവർക്ക് രാജ്യത്തിന് പുറത്ത് പോകുന്നത് വലിയ വെല്ലുവിളിയായിരിക്കുകയാണ്.