അഞ്ചര മണിക്കൂർ, ബാഹുബലി റീ റിലീസ് ടൈമിൽ ഞെട്ടി ആരാധകർ

12:00 PM Jul 12, 2025 | Kavya Ramachandran


പത്ത് വർഷം മുൻപ് 2015ൽ ബാഹുബലി എന്നൊരു ചിത്രം തിയേറ്ററുകളിലെത്തി. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രത്തിൽ  ബാഹുബലിയായ പ്രഭാസിനും  ശിവഗാമി ദേവിയ്ക്കും ദേവസേനയ്ക്കും പല്ലാൾദേവനും എന്നുവേണ്ട ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും പ്രത്യേകം ആരാധകരുണ്ടായി. വമ്പൻ ബജറ്റ് ചിത്രങ്ങൾ എന്നതിന്റെ പര്യായമായി ബാഹുബലി മാറി. ഇപ്പോഴിതാ ചിത്രം വീണ്ടും തിയേറ്ററുകളിൽ എത്തുകയാണ്.

രണ്ട് സിനിമകളും സംയോജിപ്പിച്ച് കൊണ്ട് ബാഹുബലി: ദി എപ്പിക് എന്ന പേരിലാണ് ചിത്രം തിയറ്ററുകളിൽ എത്തുക. കഴിഞ്ഞ ദിവസം ആയിരുന്നു റീ റിലീസ് പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഒരു ആരാധകന്റെ എക്സ് പോസ്റ്റും അതിന് ബാഹുബലി ടീം നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ബാഹുബലി ദി എപ്പിക്കിലെ റൺ ടൈമിനെ പറ്റിയാണ് പ്രേക്ഷകന്റെ പോസ്റ്റ്. അഞ്ച് മണിക്കൂർ 27 മിനിറ്റ് ആണ് റൺ ടൈം കാണിക്കുന്നത്. ആരാധകന്റെ പോസ്റ്റ് റീ ഷെയർ ചെയ്തുകൊണ്ട് പേടിക്കണ്ട. 'നിങ്ങളുടെ ദിവസം മുഴുവൻ ഞങ്ങൾ എടുക്കില്ല. ഒരു ഐപിഎൽ മത്സരത്തിൻ്റെ അതേ സമയമായിരിക്കും ഇത്', എന്നാണ് ബാഹുബലി ടീം മറുപടി നൽകിയത്, ഒക്ടോബർ 31നാണ് ബാഹുബലി വീണ്ടും തിയേറ്ററുകളിലെത്തുന്നത്.