
മുംബൈ: മൈക്രോസോഫ്റ്റിന്റെ വീഡിയോ കോളിങ് പ്ലാറ്റ്ഫോമായ സ്കൈപ് തിങ്കളാഴ്ച പ്രവർത്തനം നിർത്തി. രണ്ടുദശാബ്ദംനീണ്ട സേവനത്തിനുശേഷം മൈക്രോസോഫ്റ്റിന്റെ പുതിയപ്ലാറ്റ്ഫോമായ ടീംസിന് വഴിമാറുകയാണ്. സ്കൈപ്പിലെ എല്ലാ ചാറ്റുകളും കോണ്ടാക്ടുകളും ടീംസിൽ ലഭ്യമാകുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. സ്കൈപിലെ ലോഗിൻ വിവരങ്ങൾ ടീംസിലും ഉപയോഗിക്കാം.
കമ്പനിയുടെ ആശയവിനിമയ സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് സ്കൈപ് പ്രവർത്തനം അവസാനിപ്പിക്കുന്നത്. 2003-ൽ പ്രവർത്തനം തുടങ്ങിയ സ്കൈപ്പിനെ 2011-ലാണ് മൈക്രോസോഫ്റ്റ് ഏറ്റെടുത്തത്. മൊബൈൽ കേന്ദ്രീകൃത ക്ലൗഡ് അധിഷ്ഠിത പ്ലാറ്റ്ഫോമുകൾ വന്നതോടെ സ്കൈപ്പിനു പ്രാധാന്യം കുറഞ്ഞു. ഈ സാഹചര്യത്തിലാണ് നൂതന സാങ്കേതികവിദ്യയിലൂന്നിയുള്ള ടീംസിലേക്കു മാറുന്നത്.
വാട്ട്സാപ്പ്, ഫെയ്സ്ബുക്ക് മെസഞ്ചര്‍ പോലുള്ളവ പ്രചാരത്തില്‍ വന്നതോടെയാണ് സ്കൈപ്പിന്റെ ജനപ്രീതി കുറഞ്ഞത്. 2017-ല്‍ മൈക്രോസോഫ്റ്റ് സ്കൈപ്പിന് ചില മാറ്റങ്ങള്‍ വരുത്തിയെങ്കിലും ഫലംകണ്ടില്ല. സ്കൈപ്പിന്റെ എതിരാളികളായ സ്നാപ്പ്ചാറ്റിന് സമാനമായ മാറ്റങ്ങളാണ് അന്ന് കൊണ്ടുവന്നിരുന്നത്. 2021 ആയതോടെ സ്കൈപ്പ് അതിന്റെ സേവനങ്ങള്‍ അവസാനിപ്പിക്കാന്‍ പോകുകയാണെന്ന ഊഹാപോഹങ്ങള്‍ പടര്‍ന്നു.
മൈക്രോസോഫ്റ്റ് ടീംസിന് പ്രാധാന്യം നല്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇനിയുണ്ടാവുക. മൈക്രോസോഫ്റ്റ് ടീംസിലൂടെ ഉപയോക്താകള്‍ക്ക് സ്കൈപ്പില്‍ ഉപയോഗിച്ചിരുന്ന സേവനങ്ങളെല്ലാം ലഭ്യമാകും. ഗ്രൂപ്പ് കോള്‍, വണ്‍ ഓണ്‍ വണ്‍ കോള്‍, മെസേജ്, ഫയല്‍ ഷെയറിങ് തുടങ്ങിയ ഫീച്ചറുകളെല്ലാം ടീംസിലും ലഭ്യമാകും