കര്‍ഷക നേതാവിന്റെ നിരാഹാര സമരം; കോടതിയലക്ഷ്യ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

08:10 AM Jan 06, 2025 | Suchithra Sivadas

പഞ്ചാബിലെ കനൗരിയിലെ കര്‍ഷക സമരവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നിരാഹാരമനുഷ്ഠിക്കുന്ന ജഗ്ജിത് സിംഗ് ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റാത്തതിനെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

ജഗ്ജിത് സിംഗ് ദല്ലേവാളിന് വൈദ്യസഹായം നല്‍കിയെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം നല്‍കണമെന്നാണ് പഞ്ചാബ് ചീഫ് സെക്രട്ടറിക്ക് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ പഞ്ചാബ് ചീഫ് സെക്രട്ടറി വിശദീകരണം നല്‍കിയേക്കും. കര്‍ഷകര്‍ സമരത്തില്‍ ഉയര്‍ത്തുന്ന ആവശ്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചേക്കും. കര്‍ഷക സമരം അവസാനിപ്പിക്കാന്‍ കോടതി സമ്മര്‍ദം ചെലുത്തുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നായിരുന്നു നേരത്തെ സുപ്രീം കോടതിയുടെ വിമര്‍ശനം. സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ സുപ്രീം കോടതി നടപടി സ്വീകരിക്കുമെന്നാണ് സുപ്രീം കോടതിയുടെ നിലപാട്. ജസ്റ്റിസുമാരായ സൂര്യകാന്ത്, സുധാന്‍ശു ധൂലിയ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നത്.