ചെറുപ്പത്തിൽ തെയ്യങ്ങളോട് തോന്നിയ കൗതുകം ; അത്ഭുതമാണ് ഷൈജുവിന്റെ മിനിയേച്ചർ ശില്പങ്ങൾ

02:03 PM Apr 18, 2025 | Kavya Ramachandran

കണ്ണൂർ :തളിപ്പറമ്പ് പുളിമ്പറമ്പിലെ ഒരു വീട്ടിലേക്ക് എത്തുമ്പോൾ ആരുടെയും കണ്ണുകൾ അതിശയത്തിൽ വിടരും . ഷൈജുവിന്റെ കൈകളിലൂടെ ജീവൻ കിട്ടിയ തെയ്യക്കോലങ്ങളുടെ  മിനിയേച്ചർ ശില്പങ്ങളാണ് അവിടെ ഓരോ കോണിലും. അതിജീവനത്തിന്റെ, അനുസ്മരണത്തിന്റെ, ഭക്തിയുടെ നിറം പകർന്നു നിൽക്കുന്ന തെയ്യക്കോലങ്ങൾ.

ചെറുപ്പത്തിൽ തെയ്യങ്ങളോട് തോന്നിയ കൗതുകം പതിയെ  അഭിനിവേശമാവുകയും കാഴ്ചക്കാരുടെ മനസ്സിൽ വിസ്മയം തീർക്കുന്ന ശീലമാവുകയും ചെയ്തു. പരീക്ഷണമായി പൊട്ടൻ തെയ്യം തയാറാക്കിയ ഷൈജു, പിന്നീട് ശില്പകലയുടെ ലോകത്ത് തന്റെതായ സ്ഥാനമൊരുക്കുകയായിരുന്നു. അതിന് കതിവന്നൂർ വീരനും, മുച്ചിലോട്ട് ഭഗവതിയും പോലുള്ള  തെയ്യങ്ങളുടെ രൂപങ്ങൾ സാക്ഷികളായി.


28 വർഷമായി നാറാത്ത് പുതിയ ഭഗവതി ക്ഷേത്രത്തിൽ മുച്ചിലോട്ട് ഭഗവതി കെട്ടിയാടുന്ന പത്മശ്രീ നാരായണ പെരുവണ്ണാൻ നിർദേശങ്ങളുമായി കൂടെയുണ്ട് . കീഴാറ്റൂർ വെച്ചിയോട്ട് ഭഗവതി ക്ഷേത്രത്തിൽ 50 വർഷമായി തുടർച്ചയായി ബാലി തെയ്യം അവതരിപ്പിച്ച നാരായണ പെരുവണ്ണാന് ആദരമായി ഷൈജു ഒരുക്കിയ ബാലി തെയ്യത്തിന്റെ മിനിയേച്ചർ തയ്യാറാക്കിയതും ശ്രദ്ധേയമായിരുന്നു.

ഫാബ്രിക് പെയിന്റുകൾ, അക്രിലിക്, ഇനാമൽ പെയിന്റ്, എംബ്രോയിഡറി ത്രെഡ്, വുഡൻ ബോർഡ്, ഫോം ബോർഡ്, കോട്ടൻ തുണി തുടങ്ങി ധാരാളം വസ്തുക്കളാണ് ഓരോ ശില്പത്തിനായും ഉപയോഗിക്കുന്നത്. ഓരോ തെയ്യക്കോലവും അതിന്റെ ആകൃതി, ഭംഗി, വലിപ്പം അനുസരിച്ച് 15 മുതൽ 60 ദിവസത്തിൽപരം സമയമെടുക്കുന്നു. 

ഓരോ പണിയിലും കുടുംബവും സുഹൃത്തുക്കളും, ഗുരുക്കന്മാരും പിന്തുണയുമായുണ്ട്.തെയ്യക്കാവുകളിൽ നിന്ന് തെയ്യങ്ങളെ വീക്ഷിക്കുകയും തെയ്യക്കാരന്മാരോടും കമ്മിറ്റിക്കാരുമായും ആശയവിനിമയം നടത്തിയുമാണ് തെയ്യങ്ങളുടെ ശിൽപങ്ങൾ നിർമ്മിക്കുന്നത്.

പുതിയ ഭഗവതിയുടെ ശില്പമാണ്പൂർത്തിയാക്കിയത്. കതിവന്നൂർ വീരൻ മുതലായ ശില്പങ്ങളുടെ പണിപ്പുരയിലാണിപ്പോൾ.2022ൽ ഷൈജു ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോർഡ് കരസ്തമാക്കി

 ഓൺലൈനിൽ  ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവ വഴിയാണ് പ്രധാനമായും വിപണനം.  നേരിട്ട് എത്തി അന്വേഷിക്കുന്നവരും കുറവല്ല.
തെയ്യത്തിന്റെ തനിമയെ അതിന്റെ ശാരീരികതയിലൂടെയും ഭാവങ്ങളിലൂടെയും സജീവമാക്കുന്നവരാണ് തെയ്യക്കോലങ്ങളുടെ ശിൽപികൾ. ഇത്തരത്തിലൊരു കലയെ ജീവിതമാർഗമാക്കിയ ആളാണ് ഷൈജു.തെയ്യത്തിന്റെ ആചാരപരമായ മഹത്വം ഇന്നത്തെ തലമുറയെ അറിയിക്കാൻ  ഷൈജുവിനെ  പോലുള്ള കലാകാരന്മാർ നമ്മുടെ നാട്ടിൽ നിർണായകമാണ്.