ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ വിന്‍സി അലോഷ്യസ് നല്‍കിയ പരാതി ഫെഫ്ക അട്ടിമറിച്ചെന്ന് ആരോപണം. ഫെഫ്ക ഷൈനിനെ വിളിച്ച് വരുത്തിയതും ഒരവസരം കൂടി നല്‍കുമെന്ന് പ്രഖ്യാപിച്ചതും ദുരൂഹമെന്നാണ് നിര്‍മാതാക്കളുടെ നിലപാട്. സൂത്രവാക്യം സിനിമയുടെ സെറ്റില്‍ ഷൈനില്‍ നിന്ന് തനിക്ക് മോശം അനുഭവം നേരിട്ടെന്ന വിന്‍സിയുടെ പരാതിയില്‍ തിങ്കളാഴ്ചയാണ് ഇന്റേണല്‍ കമ്മറ്റി ഇടപെട്ടത്.
വിന്‍സിയെയും ഷൈനിനെയും കേട്ട കമ്മറ്റി അണിയറപ്രവര്‍ത്തകരില്‍ നിന്ന് തെളിവെടുപ്പ് തുടരുന്നതിനിടെയാണ് ഫെഫ്ക വിഷയത്തില്‍ ഇടപെട്ട് വാര്‍ത്താസമ്മേളനം നടത്തിയത്. ഷൈനിനെയും സിനിമയുടെ നിര്‍മ്മാതാവിനെയും ഫെഫ്ക ഓഫീസില്‍ വിളിച്ചുവരുത്തി കേട്ടു എന്നാണ് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞത്.
ഐസി അന്വേഷണം പൂര്‍ത്തിയായി റിപ്പോര്‍ട്ട് പുറത്തുവരുന്നതിന് മുമ്പേയുള്ള ഫെഫ്കയുടെ ഇടപെടല്‍ അട്ടിമറിയെന്നാണ് ആരോപണം. അതേസമയം, ഫിലിം ചേംബറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്കയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ഷൈനിന് മാപ്പ് കൊടുക്കാനൊന്നും നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിട്ടില്ല. ലഹരി ഒരിക്കലും മാപ്പ് അര്‍ഹിക്കാത്ത കാര്യമാണ് എന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജി സുരേഷ് കുമാറിന്റെ പ്രതികരണം. തെളിവെടുപ്പിനിടെ ഫെഫ്ക നടത്തിയ ഇടപെടല്‍ ദുരൂഹമാണ്, അത് അനുവദിക്കില്ല എന്നാണ് ചേംബര്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട് പ്രതികരിച്ചത്.