രാമായണ ബജറ്റില്‍ നിര്‍മാതാവിനെതിരെ ട്രോളുമായി സിനിമ പ്രവര്‍ത്തകര്‍

03:04 PM Jul 16, 2025 | Suchithra Sivadas

രണ്‍ബീര്‍ കപൂര്‍ നായകനാകുന്ന 'രാമായണ' സിനിമയുടെ ബജറ്റ് 4,000 കോടി രൂപ ആണെന്ന് നിര്‍മ്മാതാവ് നമിത് മല്‍ഹോത്ര വെളിപ്പെടുത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. രണ്ട് ഭാ?ഗങ്ങളായുളള ബ്രഹ്‌മാണ്ഡ ചിത്രത്തിന് ഇത്രയും ചെലവ് വരുമെന്ന് ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലായിരുന്നു നിര്‍മ്മാതാവ് അവകാശപ്പെട്ടത്. ഇതിന് പിന്നാലെ രാമായണ സിനിമയുടെ ബജറ്റില്‍ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍. 4000 കോടി ബജറ്റ് എന്നത് അവിശ്വസനീയമാണെന്നാണ് സംവിധായകരും നിര്‍മാതാക്കളും ഉള്‍പ്പെടെ അഭിപ്രായപ്പെടുന്നത്. ഒരു സിനിമയ്ക്കായി ഇത്രയും വലിയ നിക്ഷേപം നടത്തിയാല്‍ അത് തിരിച്ചുപിടിക്കാന്‍ മാത്രം കഴിവുളള ഏത് കമ്പനിയാണുളളതെന്ന് മുന്‍പ് ബ്രഹ്‌മാണ്ഡ ചിത്രങ്ങള്‍ ഒരുക്കിയിട്ടുളള ഒരു സംവിധായകന്‍ ചോദിച്ചു.

''4000 കോടിയോ, നിങ്ങളെന്താ തമാശ പറയുകയാണോ, അവിശ്വസനീയമാംവിധം പെരുപ്പിച്ചുകാട്ടിയ കണക്കാണിത്, കേട്ടിട്ട് ചിരി വരുന്നു. അല്‍പമെങ്കിലും ബോധമുളള ഒരു നിര്‍മാതാവോ അദ്ദേഹത്തിന്റെ നിക്ഷേപകരോ ഇത്രയും വലിയ തുകയ്ക്ക് റിസ്‌ക് എടുക്കില്ലെന്നും'' അദ്ദേഹം പറഞ്ഞു. രാമായണം ആസ്പദമാക്കി ഒടുവില്‍ ഇറങ്ങിയ ആദിപുരുഷിന്റെ നിര്‍മാതാക്കളായ ടി സീരീസിന് അവരുടെ 650 കോടി നിക്ഷേപത്തില്‍ 200 കോടിയുടെ നഷ്ടമുണ്ടായെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

അവതാര്‍, ഡ്യൂണ്‍, മാട്രിക്‌സ്, ലോര്‍ഡ് ഓഫ് ദി റിങ്‌സ് എന്നീ ചിത്രങ്ങളെല്ലാം മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലുളള വിഷ്വല്‍ എഫക്ട്‌സുളള ചിത്രമായിരുന്നു. സിനിമ ഇറങ്ങുന്നതിന് മുന്‍പ് ആരും അതിനെ കുറിച്ച് സംസാരിച്ചില്ല. തങ്ങളുടെ സൃഷ്ടിയെ സ്വയം സംസാരിക്കാന്‍ അനുവദിക്കുകയായിരുന്നു എന്ന് രാമായണ അണിയറക്കാറെ പരിഹസിച്ച് സംവിധായകന്‍ സഞ്ജയ് ഗുപ്തയും പറഞ്ഞു.