ദുബൈ: താൻ അഭിനയിച്ച പല സിനിമകളും തൻറെ മകന് പോലും ഇഷ്ടമാവാറില്ലെന്ന് നടൻ ആസിഫ് അലി. ‘ലോക’ പോലുള്ള സിനിമകളിൽ വാപ്പക്ക് അഭിനയിച്ചുകൂടെ എന്നാണ് അവൻറെ ചോദ്യം. പുതുതലമുറയുടെ താൽപര്യങ്ങൾ ഇങ്ങനെയാണ്. എന്ന് വെച്ച് എല്ലാവരേയും തൃപ്തിപ്പെടുത്തുന്ന സിനിമകൾ ചെയ്യാനാവില്ലെന്നും ആസിഫലി പറഞ്ഞു.
ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘മിറാഷി’ൻറെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുബൈയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നടൻ. ലോകത്തെ എല്ലാ സിനിമ മേഖലകളോടും മത്സരിക്കാൻ മലയാളം ഫിലിം ഇൻഡസ്ട്രിക്ക് സാധിക്കും. കാരണം ഉള്ളടക്കമാണ് ഇവിടെ രാജാവ്. മലയാള സിനിമയിൽനിന്ന് എന്ത് അദ്ഭുതവും പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
‘മിറാഷ്’ ഒരു ഇവൻറ്ഫുൾ ത്രില്ലറായിരിക്കുമെന്ന് സംവിധായകൻ ജിത്തു ജോസഫ് പറഞ്ഞു. ത്രില്ലർ സിനിമകളിൽനിന്ന് മാറി ചിന്തിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ, എന്നിൽനിന്ന് നിർമാതാക്കൾ പ്രതീക്ഷിക്കുന്നത് ത്രില്ലർ ജോണറിലുള്ള സിനിമകളാണ്. പുതുതലമുറയിലെ തിരക്കഥാകൃത്തുക്കൾക്ക് അവസരം നൽകുന്നതിൻറെ ഭാഗമായി അവരുടെ തിരക്കഥകൾ വായിക്കാനും വിലയിരുത്താനും പ്രത്യേക ടീമിനെ താൻ രൂപവത്കരിച്ചിട്ടുണ്ട്.
ഇതിലേക്ക് നൂറുകണക്കിന് തിരക്കഥകൾ വരുന്നുണ്ടെങ്കിലും അതിൽ ഒന്നോ രണ്ടോ മാത്രമാണ് തുടർ ചർച്ചകളുമായി മുന്നോട്ടുപോകാൻ കഴിയുന്ന രീതിയിലുള്ളത്. അഞ്ച് മിനിറ്റിനുള്ളിൽ സുഹൃത്തിനോട് കഥ പറയുമ്പോൾ വളരെ ത്രില്ലിങ് ആയി തോന്നുന്ന കഥകൾ തിരക്കഥകളാക്കുമ്പോൾ ഒടുക്കം വരെ ആവേശം നിലനിർത്താൻ കഴിയാറില്ലെന്നും ജിത്തു ജോസഫ് പറഞ്ഞു. നടൻ ഹക്കിം ഷാജഹാൻ, നടി ഹന്ന റെജി കോഷി, നിർമാതാക്കളായ മുകേഷ് ആർ മെഹ്ത്ത, കണ്ണൻ രവി തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.