+

വള്ളി പടർപ്പുകൊണ്ടു സമ്പുഷ്ടമായ കണ്ണൂരിലെ കാവ് ; പുലിദൈവങ്ങളാണ് ഇവിടെ പ്രധാന ആരാധന മൂർത്തികൾ

ചക്കരക്കല്ലിലെ മൂന്ന് കാവുകളിൽ പുലിദൈവങ്ങളാണ് പ്രധാന ആരാധന മൂർത്തികൾ . ഇരിവേരിയിലും കിലാലൂരിലും കാഞ്ഞിരോടും പുലിദൈവങ്ങളാണ് വർഷത്തിൽ കെട്ടിയാടുന്നത്

കണ്ണൂർ ജില്ലയിലെ  ചക്കരക്കല്ലിലെ മൂന്ന് കാവുകളിൽ പുലിദൈവങ്ങളാണ് പ്രധാന ആരാധന മൂർത്തികൾ . ഇരിവേരിയിലും കിലാലൂരിലും കാഞ്ഞിരോടും പുലിദൈവങ്ങളാണ് വർഷത്തിൽ കെട്ടിയാടുന്നത്.  ഒറ്റ നോട്ടത്തിൽ നരിയും പുലിയും അടക്കിവാഴുന്നുവെന്ന് തോന്നിപ്പിക്കുന്നവന സാമ്രാജ്യമാണ് ഇരിവേരി കാവിനെ വ്യത്യസ്തമാക്കുന്നത്.


വനത്തിന്റെ സൗന്ദര്യവും നിഗൂഡതയും കാത്തുസൂക്ഷിക്കുന്നതാണ് ഈ കാവുകൾ. വള്ളി പടർപ്പുകൊണ്ടു സമ്പുഷ്ടമായ ഇരിവേരി കാവിലെ വള്ളി പടർപ്പുകളിൽ ഇപ്പോഴും വെയിൽ കടന്നുചെല്ലാത്ത ഇടങ്ങളുണ്ട്. ഭയ ഭക്തിയോടെ നാട്ടുകാർ ഈ വനം സംരക്ഷിക്കുന്നു.

Kav in Kannur rich in vines; Tiger gods are the main worship idols here
ശിൽപസമ്പുഷ്ടമായ ഗോപുരം വിശേഷ ദിവസങ്ങളിൽ മാത്രം തുറക്കുന്ന പടിഞ്ഞാറെ നടയിൽ സ്ഥിതി ചെയ്യുന്നു. കാവിനു മുൻപിലുടെ കാടിനെ മുറിച്ചു കൊണ്ടു കല്ലു പാകിയ നടവഴി താഴേക്ക് ഇറങ്ങി ചെന്നാൽ കുളത്തിലേക്കാണ് എത്തിച്ചേരുക മനോഹരമായ കുളം ആരെയും ആകർഷിക്കും.

 ഇരിവേരി കാവിന്റെ ഈ വന സൗന്ദര്യമാണ് തെയ്യക്കാലത്ത് ദൂരദേശങ്ങളിൽ നിന്നു പോലും ആളുകളെ ഇങ്ങോട്ട് ആകർഷിക്കാൻ കാരണം. ഗണപതിയാർ കരിന്തിരി കണ്ണനും അപ്പക്കള്ളനും കാള പുലിയൻ, പുള്ളിക്കരിങ്കാളി, പുല്ലൂർ കാളി, പുലികണ്ണൻ, പുല്ലൂർ കണ്ണൻ, പുലി മുത്തപ്പൻ. പുലി മുത്താച്ചി. കല്ലിങ്കൽ പൂക്കുലവൻ തുടങ്ങിയ തെയ്യങ്ങളാണ് ഉത്സവകാലത്ത് കെട്ടിയാടുന്നത്.

കണ്ണൂർ ജില്ലയിലെ ചക്കരക്കൽ പിന്നിട്ടാൽ പാനേരി ച്ചാലിനടുത്തെ ആർ.വി മെട്ടയിലാണ് ഇരിവേരികാവ് പുലിദൈവ പ്രതിഷ്ഠയുള്ള ഈ ക്ഷേത്രം ഇരിവേരിക്കുന്ന് കൈലാസം എന്ന പേരിലും അറിയപ്പെടുന്നു.അഞ്ച് ഏക്കർ വിസ്തൃതിയുള്ള കാട്ടിനകത്താണ് ക്ഷേത്രം. മകരം 28 മുതൽ കുംഭം ഒന്ന് വരെയാണ് ഉത്സവം

പണ്ട് ശിവപാർവ്വതിമാർ കാട്ടിലൂടെ നടന്ന കാലത്ത് രണ്ട് ഇണ പുലികൾ രതിക്രീഡകളിൽ ഏർപ്പെടുന്നത് കാണാനിടയായി. ശിവപാർവതിമാർ അപ്പോൾ പുലിയുടെ വേഷം സ്വയംധരിച്ചു. ഈ രൂപങ്ങളാണ് പുലി കണ്ടനും പുള്ളി കരിങ്കാളിയും. ഇവരുടെ ആണ്‍മക്കളാണ് കണ്ട പുലി, മാര പുലി, കാള പുലി, പുലി മാരുതൻ, പുലിയൂർ കണ്ണന്‍. ഇളയവൾ പുലിയൂർ കാളിയും. ഇതിൽ ആണ്‍മക്കളെ ഐവർ പുലി മക്കൾ എന്ന് വിളിയ്ക്കും. 

ഇരിവേരിക്കാവിന്റെ അതേ മാതൃകയിൽ തന്നെ കാഞ്ഞിരോടും കിലാലുരും പുലിദേവ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നു.ഈ ആറ് പുലി മക്കളും ഓടിക്കളിച്ചിരുന്ന സ്ഥലമാണത്രെ ഇരിവേരി. പുള്ളി കരിങ്കാളി ഗര്‍ഭിണി ആയിരുന്നപ്പോള്‍ മാംസം കൊടുക്കാന്‍ വേണ്ടി പുലി കണ്ടന്‍ കുറുബ്രാതിരി വാണോരുടെ ആല തകർത്ത് പശുക്കളെ കൊന്നു. പുലികളുടെ വിദ്യയാണെന്ന് മനസ്സിലാക്കിയ വാണോര്‍ പുലികളെ കൊല്ലാന്‍ കരിന്തിരി നായരെ ഏല്‍പ്പിച്ചു. നായരെ പുലി കണ്ടന്‍ കൊന്നു. പുലികളുടെ രഹസ്യം മനസ്സിലാക്കിയ വാണോര്‍ പുലി ദൈവങ്ങള്‍ക്ക് സ്ഥാനം നല്‍കി ആദരിച്ചു. 

facebook twitter