കണ്ണൂർ: ഇടത് സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ബി എം എസിന്റെ നേതൃത്വത്തിൽ തൊഴിലാളി മുന്നേറ്റം എന്ന മുദ്രാവാക്യവുമായി സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 14 വരെ ജില്ലയിൽ പഞ്ചായത്ത് തലത്തിൽ പദയാത്രകൾ നടത്തുമെന്ന് ഭാരവാഹികൾ പ്രസ്ക്ലബിൽ അറിയിച്ചു.
തൊഴിലാളി വർഗ്ഗത്തിന്റെ പേരിൽ ആണയിട്ട് തുടർഭരണത്തിലേറിയ ഇടതുപക്ഷ സർക്കാർ കേരളത്തിന് ബാദ്ധ്യതയായി മാറിയിരിക്കുകയാണ്. കേരളത്തിൽ വിലക്കയറ്റം മൂലം സാധാരണ ജനങ്ങൾ പൊറുതിമുട്ടുകയാണ്. ക്രമസമാധാന നില പൂർണ്ണമായും തകർച്ചയിലാണ്. ആരോഗ്യ രംഗം ഇന്ന് അതിന്റെ ഏറ്റവും ശോചനീയമായ അവസ്ഥയിലാണുള്ളത്. വിദ്യാഭ്യാസം, തൊഴിലാളി ക്ഷേമ പദ്ധതികൾ എന്നിവയടക്കം എല്ലാം കുത്തഴിഞ്ഞു കിടക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് പദയാത്രകൾ സംഘടിപ്പിക്കുന്നത്.
വാർത്താ സമ്മേളനത്തിൽ ഭാരതീയ മസൂർ സംഘ് ജില്ലാ പ്രസിഡണ്ട് ജഗദീശൻ കെ. വി, സെക്രട്ടറി രാജേഷ് ഇ, ദക്ഷിണ ക്ഷേത്ര സഹ സംഘടനാ സെക്രട്ടറി എം പി രാജീവൻ, സംസ്ഥാന കമ്മിറ്റി അംഗം പി. കൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡണ്ട് രാജൻ പി. കെ തുടങ്ങിയവർ പങ്കെടുത്തു.