കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ-ഖുറൈൻ മാർക്കറ്റുകളിലെ ഒരു റെസ്റ്റോറന്റിലും ഫർവാനിയയിലെ ഒരു അപ്പാർട്ട്മെൻറിലും ഉണ്ടായ തീപിടിത്തം അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രണവിധേയമാക്കി. രണ്ട് തീപിടുത്തങ്ങളിലുമായി ഒരാൾ മരിക്കുകയും 9 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അൽ-ബൈറാഖ്, അൽ-ഖുറൈൻ സെൻട്രൽ ഫയർ ഡിപ്പാർട്ട്‌മെന്റുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ അൽ-ഖുറൈൻ മാർക്കറ്റ്സ് ഏരിയയിലെ ഒന്നാം നിലയിലെ ഒരു റെസ്റ്റോറന്റിലും കടകളിലും ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു.
വ്യാഴാഴ്ച രാവിലെ, ഫർവാനിയ, സുബ്ഹാൻ കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഫർവാനിയ പ്രദേശത്തെ ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു, ഒരാൾ മരിക്കുകയും ചെയ്തു. തുടരന്വേഷണത്തിനായി സ്ഥലം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. മരണപ്പെട്ടയാളുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല.