ബാപ്‌സ് ഹിന്ദു ക്ഷേത്രത്തിന്റെ ഒന്നാം വാര്‍ഷികം; 'പഥോത്സവ്' ആഘോഷമാക്കും

02:08 PM Feb 01, 2025 | Suchithra Sivadas

യുഎഇയിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രമായ ബാപ്‌സ് ഹിന്ദു ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ സാംസ്‌കാരിക പരിപാടികളോടെയും ചടങ്ങുകളോടെയും ആഘോഷിക്കാനൊരുങ്ങി വിശ്വാസികള്‍. 'പഥോത്സവ്' എന്ന പേരിലാണ് ഒന്നാം വാര്‍ഷികാഘോഷത്തിന്റെ പുണ്യ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്.


 എല്ലാ രാജ്യക്കാര്‍ക്കും ജാതിമതഭേദമന്യേ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാന്‍ കഴിയും. ആഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണമെന്ന് ക്ഷേത്രം അധികൃതര്‍ അറിയിച്ചു.  


അബുദാബിയിലെ അബു മുറൈഖ മേഖലയില്‍ പണികഴിപ്പിച്ച ബാപ്‌സ് ഹിന്ദു ക്ഷേത്രം കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 24നാണ് ഉദ്ഘാടനം ചെയ്തത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബോച്ചന്‍വാസി അക്ഷര്‍ പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്തയുടെ ആത്മീയ ഗുരുവായ മഹന്ത് സ്വാമി മഹാരാജും ചേര്‍ന്നാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടന കര്‍മം നിര്‍വഹിച്ചത്.