ബംഗളൂരു: വണ്ടിചെക്ക് കേസിൽ ആക്ടിവിസ്റ്റ് സ്നേഹമയി കൃഷ്ണയെ മൈസൂർ കോടതി ആറ് മാസം തടവിന് ശിക്ഷിച്ചു. മൂന്നാം അഡീ. സിവിൽ ജെഎംഎഫ്‌സി കോടതിയുടേതാണ് ഉത്തരവ്.
2015ൽ ലളിതാദ്രിപുര സ്വദേശിയായ കുമാറിൽ നിന്ന് സ്‌നേഹമയി കൃഷ്ണ പണം കടം വാങ്ങുകയും തിരിച്ചടവിന് മർച്ചൻ്റ് കോ ഓപ്പറേറ്റീവ് ബാങ്കിൽ നിന്ന് ചെക്ക് നൽകുകയും ചെയ്തിരുന്നു. ബാങ്ക് അക്കൗണ്ടിൽ പണമില്ലാത്തതിനാൽ ചെക്ക് മടങ്ങി. ഇതേത്തുടർന്നാണ് കോടതിയിൽ കേസ് ഫയൽ ചെയ്തത്.
കേസ് പരിഗണിച്ച കോടതി സ്നേഹമയി കൃഷ്ണ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഒന്നുകിൽ തുക തിരിച്ചടക്കണമെന്നും അല്ലെങ്കിൽ ആറ് മാസം ജയിൽ ശിക്ഷ അനുഭവിക്കണമെന്നും വിധിച്ചു.
വിധിയെ ചോദ്യം ചെയ്ത് അപ്പീൽ നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് വിധിയോട് പ്രതികരിച്ചുകൊണ്ട് സ്നേഹമയി കൃഷ്ണ വ്യക്തമാക്കി. 'മുഡ'ഭൂമി ഇടപാടിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഭാര്യ പാർവ്വതിക്കും എതിരെ നൽകിയ പരാതിയിലൂടെ ഏറെ ശ്രദ്ധേയനാണ് കൃഷ്ണ.