കണ്ണോളം കണ്ടത് പോരാ ; കറുപ്പണിഞ്ഞ് അയ്യനെ കാണാൻ രാഷ്‌ട്രത്തിന്റെ പ്രഥമ വനിത

12:18 PM Oct 22, 2025 | Kavya Ramachandran

പത്തനംതിട്ട :  കറുപ്പണിഞ്ഞ് ഇരുമുടികെട്ടുമായി അയ്യപ്പ ദർശനം  നടത്തി   രാഷ്‌ട്രത്തിന്റെ പ്രഥമ വനിത. 11.45നാണ് രാഷ്ട്രപതി  ദ്രൗപദി മുർമു പതിനെട്ടാം പടി കയറിയത്. പ്രത്യേക വാഹനത്തിൽ 15 മിനിറ്റ് കൊണ്ടാണ് രാഷ്ട്രപതി ശബരിമലയിൽ‌ എത്തിയത്. രാഷ്ട്രപതിക്കൊപ്പം അംഗരക്ഷകരും ഇരുമുടി കെട്ടേന്തിയാണ് മല കയറിയത്. രാഷ്ട്രപതി അയ്യപ്പനെ തൊഴുന്ന സമയത്ത് പിന്നിൽ ദേവസ്വം മന്ത്രി വി.എൻ. വാസവനും ഉണ്ടായിരുന്നു. 

കൊടിമരച്ചുവട്ടിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നൽകി രാഷ്ട്രപതിയെ സ്വീകരിച്ചു.അർച്ചനയും നെയ്യഭിഷേക വഴിപാടും രാഷ്ട്രപതി നടത്തി.

പ്രമാടത്തിൽ നിന്നും റോഡ് മാർ​ഗമാണ് രാഷ്‌ട്രപതി പമ്പ ​ഗണപതി ക്ഷേത്രത്തിൽ എത്തിയത്. ആദ്യമായാണ് രാഷ്‌ട്രപതി മല ചവിട്ടുന്നത്. ദർശനത്തിനു ശേഷം ദേവസ്വം ഗസ്റ്റ് ഹൗസിലാണു ഭക്ഷണവും വിശ്രമവും. 3 വരെ അവിടെ ഉണ്ടാകും. രാഷ്ട്രപതിക്ക് ദേവസ്വം ബോർഡിന്റെ ഉപഹാരമായി കുമ്പിളിന്റെ തടിയിൽ കൊത്തിയെടുത്ത അയ്യപ്പ രൂപം സമ്മാനിക്കും.

സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തിരുമുറ്റം, സോപാനം, പതിനെട്ടാംപടി, മാളികപ്പുറം, രാഷ്ട്രപതി താമസിക്കുന്ന ദേവസ്വം ഗെസ്റ്റ്ഹൗസ് എന്നിവ പ്രത്യേക സുരക്ഷാ സംഘത്തിന്റെ നിയന്ത്രണത്തിലാണ്.