സാഹസം'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

08:53 PM May 10, 2025 | Kavya Ramachandran
ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തും വിധത്തിൽ ഒരു സംഘം ജനപ്രിയരായ അഭിനേതാക്കളുടെ ചിത്രങ്ങളോടെ 'സാഹസം' എന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻറെ ബാനറിൽ റിനീഷ്.കെ.എൻ. നിർമിക്കുന്ന ചിത്രം ബിബിൻ കൃഷ്ണയാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.
21 ഗ്രാം, ഫീനിക്സ് എന്നീ ശ്രദ്ധേയമായ ചിത്രങ്ങൾക്കു ശേഷം ഫ്രണ്ട് റോപ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രം കൂടിയാണിത്.
21 ഗ്രാം സംവിധാനം ചെയ്തതും ബിബിൻ കൃഷ്ണയാണ്. നരേൻ, ശബറീഷ് വർമ്മ, ബാബു ആൻറണി, ഭഗത് മാനുവൽ, റംസാൻ, കാർത്തിക്ക് യോഗി, വർഷാരമേഷ്, ടെസ്സാ ജോസഫ് തുടങ്ങി നിരവധി താരങ്ങളെ പോസ്റ്ററിൽ കാണാം.
ഹ്യൂമർ ആക്ഷൻ ജോണറിലാണ് ചിത്രത്തിൻറെ അവതരണമെന്ന് അണിയറപ്രവർത്തകർ നേരത്തേ വ്യക്തമാക്കിയിരുന്നു. ബൈജു സന്തോഷ്, അജു വർഗീസ്, ജീവ ജോസഫ്, വിനീത് തട്ടിൽ സജിൻ ചെറുകയിൽ, മേജർ രവി, യോഗി ജാപി, ഹരി ശിവറാം, ജയശ്രീ,ആൻസലിം തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു