+

വർക്കലയിൽ ഫ്‌ളോട്ടിങ് ബ്രിഡ്ജ് വീണ്ടുമെത്തുന്നു

പനാശത്ത് ഫ്‌ളോട്ടിങ് ബ്രിഡ്ജ് പുനഃസ്ഥാപിക്കാന്‍ ശ്രമം . ഒരുവര്‍ഷം മുന്‍പ് ഫ്‌ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്ന അതേ സ്ഥാനത്താണ് സുരക്ഷാ പഠനത്തിനെന്ന പേരില്‍ വീണ്ടും സ്ഥാപിക്കുന്നത്. മുന്‍പ് അപകടത്തിനു കാരണമായ സുരക്ഷാ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെയുള്ള നീക്കം ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

വര്‍ക്കല: പാപനാശത്ത് ഫ്‌ളോട്ടിങ് ബ്രിഡ്ജ് പുനഃസ്ഥാപിക്കാന്‍ ശ്രമം . ഒരുവര്‍ഷം മുന്‍പ് ഫ്‌ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്ന അതേ സ്ഥാനത്താണ് സുരക്ഷാ പഠനത്തിനെന്ന പേരില്‍ വീണ്ടും സ്ഥാപിക്കുന്നത്. മുന്‍പ് അപകടത്തിനു കാരണമായ സുരക്ഷാ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെയുള്ള നീക്കം ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ പഠനാവശ്യങ്ങള്‍ക്കായാണ് ഫ്‌ളോട്ടിങ് ബ്രിഡ്ജ് പുനഃസ്ഥാപിക്കുന്നതെന്ന ബോര്‍ഡ് സമീപത്ത് സ്ഥാപിച്ചിട്ടുണ്ട്. 2023 ക്രിസ്മസ് ദിനത്തിലാണ് പാപനാശത്ത് ഫ്‌ളോട്ടിങ് ബ്രിഡ്ജ് തുറന്നത്. വര്‍ക്കലയിലെ ടൂറിസത്തിന് പദ്ധതി ഉണര്‍വേകിയിരുന്നു. എന്നാല്‍ 2024 മാര്‍ച്ച് ഒന്‍പതിന് ശക്തമായ തിരയില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് മറിഞ്ഞ് അപകടമുണ്ടായി.

ബ്രിഡ്ജിന്റെ കൈവരി തകര്‍ന്ന് കടലില്‍വീണ് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 11 പേര്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് പാലം പൊളിച്ചുനീക്കുകയും ചെയ്തു. ഡിടിപിസിയും കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയും സംയുക്തമായി സ്വകാര്യ സംരംഭകര്‍ മുഖേനയാണ് ഫ്‌ളോട്ടിങ് ബ്രിഡ്ജ് ആരംഭിച്ചത്. ആകര്‍ഷകമായ വരുമാനമാണ് സംരംഭകര്‍ക്ക് ലഭിച്ചിരുന്നത്. അതിനാലാണ് ഇത് തിരികെയെത്തിക്കാനുള്ള ശ്രമവും വേഗത്തിലായത്.

ബ്രിഡ്ജിന്റെ സുരക്ഷിതമായ പ്രവര്‍ത്തനം ഉറപ്പാക്കാനുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായി കോഴിക്കോട് എന്‍ഐടിയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. എന്‍ഐടി വിദഗ്ധരെ കാണിക്കാനെന്ന പേരില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ബലിമണ്ഡപത്തിന് സമീപം ഫ്‌ളോട്ടിങ് ബ്രിഡ്ജിന്റെ നിര്‍മാണം നടത്തിയിരുന്നു. ശക്തമായ തിരയില്‍പ്പെട്ട് ബ്രിഡ്ജ് വേര്‍പെട്ടുപോയിരുന്നു.

തിരക്കേറിയ പാപനാശത്തുനിന്ന് ഫ്‌ളോട്ടിങ് ബ്രിഡ്ജ് ഒഴിവാക്കണമെന്ന ആവശ്യവും ശക്തമാണ്. തിരക്ക് കുറഞ്ഞ ആലിയിറക്കം, അരിവാളം തുടങ്ങിയ ഭാഗങ്ങളില്‍ സ്ഥാപിക്കുന്നതാണ് ഉചിതമെന്ന അഭിപ്രായമാണ് മേഖലയിലുള്ളവര്‍ പങ്കുവെയ്ക്കുന്നത്.

facebook twitter