ചെന്നൈ: ചെന്നൈയിൽ 26കാരൻ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. ചിക്കൻ ന്യൂഡിൽസ് കഴിച്ച യുവാവാണ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. വിഴുപുരം കീഴ്പെരുമ്പാക്കത്തെ മനോജ്കുമാറാണ് മരിച്ചത്. വിഴുപുരത്തെ ഒരു ഹോട്ടലിൽ നിന്നും ചിക്കൻ ന്യൂഡിൽസ് കഴിച്ച മനോജിന് മൂന്നു ദിവസമായി വയറിളക്കമായിരുന്നു.
ഇതേതുടർന്ന് യുവാവ് വീട്ടിൽ വിശ്രമത്തിലായിരുന്നു. കഴിഞ്ഞ ദിവസം മനോജിന് ശ്വാസതടസം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്തു. തുടർന്ന് വിഴുപുരം ജില്ലാ ഗവ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് മരണം സംഭവിച്ചെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.