മലപ്പുറം: കാളികാവിൽ ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ പിടികൂടാനുള്ള ദൗത്യം തുടരുന്നു. കേരള എസ്റ്റേറ്റിന് സമീപത്തെ റോഡിന് സമീപവും, മഞ്ഞൾപ്പാറ ഭാഗത്തും കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി.
രാവിലെ ഏഴുമണിയോടെ ദൗത്യം പുനരാരംഭിച്ചു. കടുവയെ നിരീക്ഷിക്കുന്നതിനായി 50 ക്യാമറയും മൂന്ന് കൂടുകളുമാണ് സ്ഥാപിച്ചിരുന്നത്. അധികമായി അഞ്ച് ലൈവ് സ്ട്രീമിങ് ക്യാമറകളും കഴിഞ്ഞ ദിവസം സ്ഥാപിച്ചിരുന്നു. മഞ്ഞൾപാറ ഭാഗത്താണ് വനം വകുപ്പിൻ്റെ RRT സംഘം പരിശോധന നടത്തിയത്. എത്രയും പെട്ടെന്ന് കടുവയെ പിടികൂടാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷിജിമോൾ പറഞ്ഞു.
തെർമൽ ഡ്രോൺ നിരീക്ഷണവും വനമേഖലയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ കടുവാ ദൗത്യത്തിനായി എത്തിച്ച കുഞ്ചു എന്ന കുംകിയാന കഴിഞ്ഞ ദിവസം പാപ്പാനെ ആക്രമിച്ചത് നേരിയ പരിഭ്രാന്തി സൃഷ്ടിച്ചു. വൈകാതെ തന്നെ കടുവയെ പിടികൂടാൻ സാധിക്കും എന്ന കണക്കുകൂട്ടലിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ.