+

ചന്ദനം മുറിച്ച് വനപാലകരെ കണ്ട് നിറയെ മുതലകളുള്ള ഡാമിൽ ചാടി ; ഒരാളെ പിടികൂടി

ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍നിന്ന് ചന്ദനമരം മുറിച്ചുകടത്താന്‍ ശ്രമിച്ച ഒരാള്‍ പിടിയിലായി. സേലം വേതനായ്ക്കംപാളയം കറുമന്തുറെ സ്വദേശി എ. ആറുമുഖം (52) ആണ് പിടിയിലായത്. മുതലകള്‍ ഏറെയുള്ള അമരാവതി ഡാമിന്റെ റിസര്‍വോയറില്‍നിന്നാണ് ഇയാളെ വനപാലകര്‍ സാഹസികമായി പിടികൂടിയത്.

ഇടുക്കി: ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍നിന്ന് ചന്ദനമരം മുറിച്ചുകടത്താന്‍ ശ്രമിച്ച ഒരാള്‍ പിടിയിലായി. സേലം വേതനായ്ക്കംപാളയം കറുമന്തുറെ സ്വദേശി എ. ആറുമുഖം (52) ആണ് പിടിയിലായത്. മുതലകള്‍ ഏറെയുള്ള അമരാവതി ഡാമിന്റെ റിസര്‍വോയറില്‍നിന്നാണ് ഇയാളെ വനപാലകര്‍ സാഹസികമായി പിടികൂടിയത്. കൂടെയുണ്ടായിരുന്ന ബന്ധു കെ. ഇളയരാജന്‍ മറുകരയിലേക്ക് രക്ഷപ്പെട്ടു. ചന്ദനമരത്തിന്റെ മുഴുവന്‍ കഷ്ണങ്ങളും കണ്ടെടുത്തു.

ഞായറാഴ്ച രാത്രി ഏഴുമണിക്ക് മറയൂര്‍- ഉദുമല്‍പേട്ട അന്തസ്സംസ്ഥാന പാതയില്‍ ആലാംപെട്ടി എക്കോ ഷോപ്പിന് താഴെനിന്ന 78 സെന്റീമീറ്റര്‍ വണ്ണമുള്ള നല്ല കാതലുള്ള മരമാണ് ഇരുവരും ചേര്‍ന്ന് മുറിച്ചത്. ചെറു കഷണങ്ങളാക്കുന്ന സമയത്ത് സ്ഥലത്തെത്തിയ കരിമൂട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ കണ്ടതും ചന്ദനത്തടി ഉപേക്ഷിച്ച് ഇരുവരും വനത്തിലൂടെ കരിമല ഭാഗത്തേക്ക് ഓടി രക്ഷപ്പെട്ടു.

രാത്രി 11 മണിയോടെ തമിഴ്‌നാട് അതിര്‍ത്തിയിലെ പൊങ്കനോട പാലത്തിന് സമീപത്ത് ഇവരെ കണ്ടെത്തി. ഉദ്യോഗസ്ഥരെ കണ്ടതും ഇരുവരും പാലത്തില്‍നിന്ന് അമരാവതി ഡാമില്‍ വെള്ളം കെട്ടി നില്‍ക്കുന്ന ഭാഗത്തേക്ക് ചാടി. മുതലകള്‍ ഏറെയുള്ള ഈ വെള്ളക്കെട്ടില്‍ ഇളയരാജന്‍ നീന്തി മറുകരയിലെത്തി. പക്ഷേ, ആറുമുഖം നീന്താന്‍ കഴിയാതെ വെള്ളത്തില്‍ ഉയര്‍ന്നുനിന്ന ചെടിയില്‍ പിടിച്ചുകിടന്നു. വെള്ളത്തില്‍ ചാടാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ മുതലയെ കണ്ടതോടെ ശ്രമം ഉപേക്ഷിച്ചു. ഉദുമലൈ റേഞ്ച് അധികൃതരെയും അഗ്‌നിരക്ഷാസേനയെയും വിവരമറിയിച്ചു. അവരും സ്ഥലത്തെത്തി. എന്നാല്‍, വെള്ളത്തിലിറങ്ങാന്‍ അവരും തയ്യാറായില്ല.

ഒടുവില്‍ നാലുമണിക്കൂറിന് ശേഷം കരിമൂട്ടി സ്റ്റേഷനിലെ ബീറ്റ്‌ഫോറസ്റ്റ് ഓഫീസര്‍മാരായ ജി. മനോജ്, അംജിത്ത് മോഹന്‍, കെ.എസ്. വിഷ്ണു, ട്രൈബല്‍ വാച്ചറായ അശോകന്‍ എന്നിവര്‍ സെഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ.വി. വിനോദിന്റെ അനുവാദം വാങ്ങി വെള്ളത്തിലിറങ്ങി. ഉടുമല്‍പേട്ട ഫയര്‍ സ്റ്റേഷനിലെ ദാമോധരന്‍സ്വാമി ഇവര്‍ക്ക് സഹായവുമായെത്തി. തളര്‍ന്നു കിടന്ന ആറുമുഖത്തെ സുരക്ഷിതമായി പാലത്തിന് മുകളിലെത്തിച്ചു.

തുടര്‍ന്ന് കരിമൂട്ടി ഫോറസ്റ്റ് സ്റ്റേഷനിലും. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ.വി. വിനോദ്, ബിഎഫ്ഒമാരായ കെ.എസ്. വിഷ്ണു, ജി. മനോജ്, അംജിത്ത് മോഹന്‍, വാച്ചര്‍മാരായ അശോകന്‍, പി. ചിന്നപ്പന്‍, സി. മുരുകന്‍, വിജയകുമാര്‍, മഹേന്ദ്രന്‍, ചാപ്‌ളി, ചിന്നന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടി തൊണ്ടിമുതല്‍ കണ്ടെത്തിയത്. പ്രതിയെ ദേവികുളം കോടതിയില്‍ ഹാജരാക്കി.
 

facebook twitter