
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ എക്സിക്യുട്ടീവ് ഓഫീസർ മുരാരി ബാബു റിമാൻഡിൽ. 14 ദിവസത്തേക്കാണ് മുരാരി ബാബുവിനെ റാന്നി കോടതി റിമാൻഡിൽ വിട്ടിരിക്കുന്നത്.
മുരാരി ബാബുവിനെ തിരുവനന്തപുരം സ്‌പെഷ്യൽ സബ് ജയിലേക്ക് മാറ്റും. നിലവിൽ സസ്പെൻഷനിലുള്ള മുരാരി ബാബുവിനെ പെരുന്നയിലെ വീട്ടിൽ നിന്ന് ഇന്നലെ രാത്രിയാണ് കസ്റ്റഡിയിലെടുത്തത്. സ്വർണ്ണപ്പാളികൾ ചെമ്പാണെന്ന് വ്യാജരേഖ ഉണ്ടാക്കിയ ഗൂഢാലോചനയിലെ പ്രധാന കണ്ണിയാണ് മുരാരി ബാബു.
സ്വർണ്ണക്കവർച്ച കേസിലെ അറസ്റ്റ് ഉന്നതരിലേക്ക് നീളുകയാണ്. വിവാദ ഇടനിലക്കാരൻ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ശേഷമുള്ള രണ്ടാം അറസ്റ്റാണ് ഉണ്ടായത്. പോറ്റിക്ക് സ്വർണ്ണം കടത്താൻ എല്ലാ ഒത്താശയും ചെയ്ത സംഘത്തിലെ പ്രധാനിയാണ് മുരാരി ബാബു. 2019ൽ ശബരിമലയിലെ ദ്വാരപാലക പാളികളിലെ സ്വർണ്ണം കവർന്ന കേസിലെ രണ്ടാം പ്രതിയാണ് മുരാരി ബാബു. 1998ൽ ശ്രീകോവിലിലും ദ്വാരപാലക പാളികളിലും സ്വർണ്ണം പതിച്ചത് അറിയാമായിരുന്ന മുരാരി ബാബു 2019ലും 2024 ലും ഇത് ചെമ്പെന്ന് രേഖകളിൽ എഴുതി.
സ്വർണ്ണക്കൊള്ളക്ക് വഴിതെളിച്ച നിർണ്ണായക ആസൂത്രണത്തിന് പിന്നിൽ മുരാരി ബാബുവാണെന്നാണ് ദേവസ്വം വിജിലിൻസിൻ്റെയും എസ്ഐടിയുടെയും കണ്ടെത്തൽ. പാളികൾ പോറ്റിയുടെ കൈവശം തന്നെ കൊടുത്ത് വിടാൻ അനുവദിക്കണമെന്ന കുറിപ്പ് ദേവസ്വം ബോർഡിന് നൽകിയതും മുരാരി ബാബുവാണ്.
രാത്രി പെരുന്നയിലെ വീട്ടിൽ നിന്നാണ് എസ്ഐടി ബാബുവിനെ കസ്റ്റഡിയിലെടുത്തത്. ഈഞ്ചക്കൽ ക്രൈം ബ്രാഞ്ച് ഓഫീസിലെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.