വോട്ട് ചോരിയില്‍ രാഹുല്‍ ഗാന്ധിക്ക് ഇങ്ങനെയാണോ മറുപടി നല്‍കേണ്ടത്? ഇലക്ഷന്‍ കമ്മീഷനെതിരെ മുന്‍ കമ്മീഷണര്‍മാര്‍, ന്യായീകരിച്ചവര്‍ വെട്ടിലാകുമോ?

12:04 PM Sep 09, 2025 | Raj C

ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്നാണ് രാഹുല്‍ ഗാന്ധിയുടെ 'വോട്ട് ചോരി' ആരോപണങ്ങള്‍. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസ് നേതാവും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്‌ക്കെതിരെ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ വലിയ രാഷ്ട്രീയ കോളിളക്കത്തിനാണ് ഇടയാക്കിയത്.

തിരഞ്ഞെടുപ്പില്‍ വ്യാപകമായ തട്ടിപ്പുകള്‍ നടന്നുവെന്നും, ബിജെപി അനുകൂലമായി ഇലക്ഷന്‍ കമ്മീഷന്‍ പ്രവര്‍ത്തിച്ചുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഈ ആരോപണങ്ങള്‍ക്ക് ഇലക്ഷന്‍ കമ്മീഷന്റെ പ്രതികരണം വിവാദമായപ്പോള്‍, മുന്‍ മുഖ്യ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ അവരുടെ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ്. എസ് വൈ ഖുറേഷി, ഒപി റാവത്ത്, അശോക് ലവാസ എന്നിവര്‍ ഇലക്ഷന്‍ കമ്മീഷണറുടെ സമീപനത്തെ അനുചിതമെന്ന് വിശേഷിപ്പിച്ചു.

കര്‍ണാടകയിലെ വ്യാജ വോട്ടര്‍മാരും ബിഹാറിലെ വോട്ടര്‍മാരുടെ നീക്കലുമാണ് രാഹുല്‍ ഗാന്ധിയുടെ പ്രധാന ആരോപണം. വ്യാപകമായി കള്ളവോട്ട് ചേര്‍ത്ത് തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുകൂലമാക്കിയെന്നാണ് തെളിവുകള്‍ സഹിതം രാഹുല്‍ ഉന്നയിച്ചത്. ഈ ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയിലും രാഷ്ട്രീയ വേദികളിലും വലിയ ചര്‍ച്ചയായി.

ഇലക്ഷന്‍ കമ്മീഷണറുടെ പ്രതികരണം രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് വ്യക്തത വരുത്തുന്നതായിരുന്നില്ല. ഇത്തരം ഗുരുതരമായ ആരോപണങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി സ്വന്തമായി അഫിഡവിറ്റ് സമര്‍പ്പിക്കണം അല്ലെങ്കില്‍ ക്ഷമാപണം നടത്തണം എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

ഇലക്ഷന്‍ കമ്മീഷന്‍ ഒളിച്ചുകളി തുടരുന്നതിനിടെയാണ്. ഇന്ത്യ ടുഡേ സൗത്ത് കോണ്‍ക്ലേവില്‍ എസ് വൈ ഖുറേഷി, ഒപി റാവത്ത്, അശോക് ലവാസ എന്നിവര്‍ പ്രതികരണവുമായെത്തിയത്. ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മറുപടി ശരിയായ രീതിയിലുള്ളതല്ലെന്ന് അവര്‍ പറഞ്ഞു.

ഇലക്ഷന്‍ കമ്മീഷന്റെ ഉത്തരവാദിത്തമാണ് രാഹുല്‍ ഗാന്ധിയുടെ ആശങ്കകള്‍ അന്വേഷിക്കുക എന്നാണ് ഖുറേഷിയുടെ പ്രതികരണം. പ്രതിപക്ഷ നേതാവിനോടുള്ള കമ്മീഷന്റെ ടോണ്‍ അംഗീകരിക്കാനാവില്ല. അഫിഡവിറ്റ് ആവശ്യമില്ല, സ്വയം അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണത്തിന് അഫിഡവിറ്റ് ആവശ്യമില്ലെന്ന് റാവത്തും വ്യക്തമാക്കി. കമ്മീഷന് സ്വന്തമായി പരിശോധന നടത്താം. ബിഹാറിലെ 65 ലക്ഷം വോട്ടര്‍മാരുടെ നീക്കത്തില്‍ പിശക് സംഭവിച്ചാല്‍ സ്വയം ക്രിമിനല്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമോ എന്നും അദ്ദേഹം ചോദിക്കുന്നു. സുതാര്യത ആവശ്യമാണെന്ന് അശോക ലവാസയും പറഞ്ഞു. ക്ഷമാപണം ആവശ്യപ്പെടുകയല്ല വേണ്ടത് അന്വേഷണം നടത്തുകയാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.