
സംഘപരിവാര്‍ സംഘടന കൊച്ചിയില്‍ സംഘടിപ്പിച്ച ജ്ഞാനസഭയില്‍ സംസ്ഥാനത്തെ നാല് വൈസ് ചാന്‍സിലര്‍മാര്‍ പങ്കെടുത്തു. ആര്‍എസ്എസ് സര് സംഘ് ചാലക് ഡോ. മോഹന്‍ ഭാഗവത് പങ്കെടുത്ത പരിപാടിയിലാണ് വി സിമാരും പങ്കെടുത്തത്.
ആരോഗ്യ സര്‍വകലാശാല വി സി ഡോ. മോഹനന് കുന്നുമ്മല്‍, കണ്ണൂര്‍ സര്‍വകലാശാലാ വി സി ഡോ. കെ കെ സാജു, കാലിക്കറ്റ് സര്‍വകലാശാലാ വി സി ഡോ. പി പി രവീന്ദ്രന്, കുഫോസ് വി സി ഡോ. എ ബിജുകുമാര്‍ എന്നിവരാണ് ഇന്ന് എറണാകുളം ഇടപ്പള്ളി അമൃത വിദ്യാ പീഠത്തില്‍ നടന്ന വിദ്യാഭ്യാസ സമ്മേളനത്തില്‍ പങ്കെടുത്തത്. പരിപാടിയില്‍ വൈസ് ചാന്‍സിലര്‍മാര്‍ പങ്കെടുക്കുന്നതിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് രംഗത്ത് വന്നിരുന്നു.
മോഹന്‍ ഭാഗവത് മുഖ്യ പ്രഭാഷണം നടത്തി. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു. ജ്ഞാന സഭയില്‍ പങ്കെടുക്കുന്ന വി സിമാരെ പരസ്യവിചാരണ നടത്തുമെന്ന് കെ എസ് യു അറിയിച്ചിട്ടുണ്ട്. എന്നാല്‍ വൈസ് ചാന്‍സിലര്‍ എന്ന നിലയില്‍ പങ്കെടുത്ത് വിദ്യാഭ്യാസ പരിവര്‍ത്തനം കേരളത്തിന്റെ കഴിവുകളും സാധ്യതകളും എന്ന വിഷയത്തില്‍ തന്റെ നിലപാടുകള്‍ വിശദീകരിക്കുകയാണ് ചെയ്തതെന്നും ആര്‍എസ്എസ് മേധാവിയുടെ വിദ്യാഭ്യാസ സദസ്സില്‍ പങ്കെടുത്തില്ലെന്നും കുഫോസ് വി സി ഡോ. എ ബിജുകുമാര്‍ വാര്‍ത്താക്കുറുപ്പില്‍ അറിയിച്ചു.