
ഫ്രാന്‍സില്‍ പ്രധാനമന്ത്രിയെ പുറത്താക്കി എംപിമാര്‍. ഒരു വര്‍ഷത്തിനിടെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താകുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് ഫ്രാന്‍സ്വ ബെയ്‌റോ. ബജറ്റില്‍ വെട്ടിച്ചുരുക്കല്‍ നിര്‍ദ്ദേശിച്ചതാണ് ഫ്രാന്‍സ്വ ബെയ്‌റോയ്ക്ക് തിരിച്ചടിയായത്. പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ രാജിക്കായും സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. ദേശീയ അസംബ്ലിയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ പ്രധാനമന്ത്രി പരാജയപ്പെട്ടതിന് പിന്നാലെ പുതിയൊരു രാഷ്ട്രീയ പ്രതിസന്ധിയാണ് ഫ്രാന്‍സ് നേരിടുന്നത്. 194 വോട്ടുകള്‍ക്ക് 364 വോട്ടുകള്‍ എന്ന നിലയിലാണ് ഫ്രാന്‍സ്വ ബെയ്‌റോ പരാജയപ്പെട്ടത്.
രണ്ട് ദേശീയ അവധിദിനങ്ങള്‍ റദ്ദാക്കുക. പെന്‍ഷനുകളും സാമൂഹിക സഹായങ്ങളും മരവിപ്പിക്കുക തുടങ്ങിയ വിവാദ തീരുമാനങ്ങളാണ് ഫ്രാന്‍സ്വ ബെയ്‌റോ ബജറ്റില്‍ നടപ്പിലാക്കിയത്. 44 ബില്യണ്‍ യൂറോ സംരക്ഷിക്കാനുള്ള ലക്ഷ്യമിട്ടായിരുന്നു ഇവയെങ്കിലും രാഷ്ട്രീയ എതിരാളികള്‍ ഇത് പ്രധാനമന്ത്രിക്കെതിരായ ആയുധമാക്കുകയായിരുന്നു. ഇടത് പക്ഷവും തീവ്രവലത് പക്ഷവും ഒരു പോലെ പ്രധാനമന്ത്രിയെ എതിര്‍ത്തതോടെയാണ് വിശ്വാസ വോട്ടില്‍ ഫ്രാന്‍സ്വ ബെയ്‌റോ പരാജയപ്പെട്ടത്.