കണ്ണൂരിലും ക്യൂ ആര്‍ കോഡ് സ്‌കാനിംഗ് തട്ടിപ്പ് : റിലയൻസ് ട്രെൻഡ്സിൽ നിന്നും പണം തിരിമറി നടത്തിയ ജീവനക്കാരിക്കെതിരെ പൊലിസ് കേസെടുത്തു

08:57 AM Oct 21, 2025 |



കണ്ണൂര്‍: റിലയന്‍സ് ട്രെന്‍ഡ്‌സ് വസ്ത്രവ്യാപാര സ്ഥാപനത്തില്‍ നിന്നും കൃത്രിമം നടത്തി പണം തിരിമറി നടത്തിയ ജീവനക്കാരിക്കെതിരെ പൊലിസ് കേസെടുത്തു.കണ്ണൂര്‍ നഗരത്തിലെ താഴെചൊവ്വയില്‍ പ്രവര്‍ത്തിക്കുന്ന സെക്യുറ സെന്‍ട്രല്‍ മാളിലെ റിലയന്‍സ് ട്രെന്‍ഡ്‌സ് ഷോറും കസ്റ്റമര്‍ അസോസിയേറ്റ് കം കാഷ്യറായ എം.അഞ്ജനയുടെ പേരിലാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തത്.

2024 നവംബര്‍ 21 മുതല്‍ 2025 മാര്‍ച്ച് 5 വരെയുള്ള കാലയളവില്‍ വസ്ത്രങ്ങളുടെ വില്‍പ്പനവില കമ്പനി അക്കൗണ്ടില്‍ നിക്ഷേപിക്കാതെയും നിയമാനുസൃതമല്ലാത്ത എക്‌സ്‌ചേഞ്ച് വഴിയും 1,13,396 രൂപ റൊക്കം പണമായും ക്യൂ ആര്‍ കോഡ് സ്‌കാനിംഗ്, ഗൂഗിള്‍പേ എന്നിവ വഴി സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തും സ്വന്തം ഗൂഗിള്‍പേ നമ്പറില്‍ നിന്ന് എസ്.ബി.ഐ, കേരള ഗ്രാമീണ്‍ ബാങ്ക്, ജിയോ പേയ്‌മെന്റ് ബാങ്ക് എന്നീ സ്വന്തം അക്കൗണ്ടുകളിലേക്ക് തുക വകമാറ്റിയും ആകെ 2,46,370 രൂപ തട്ടിയെടുത്ത് ജോലി ചെയ്യുന്ന സ്ഥാപനത്തെ വഞ്ചിച്ചുവെന്നാണ് പരാതി.ഒക്ടോബര്‍ 17 ന് റിലയന്‍സ് ട്രെന്‍ഡ്‌സ് സ്‌റ്റോര്‍ മാനേജര്‍ എന്‍.ഷഹബാസ് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയിലാണ് കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തത്.